സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് രണ്ടാം ദിനം
വടകര: സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് രണ്ടാം ദിനം. ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച തുടരും. അഞ്ചര മണിക്കൂർ നിശ്ചയിച്ച ചർച്ച വൈകീട്ടോടെ പൂർത്തിയാകും. ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാക്കളും മറുപടി പറയും.
വിവിധ വിഷയങ്ങളിലെ പ്രമേയ അവരണവും ഇന്ന് നടക്കും. സംസ്ഥാന സർക്കാറിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളെയും പ്രത്യയ ശാസ്ത്ര കടന്നാക്രമണങ്ങളെയും പ്രതിരോധിക്കണമെന്ന്, ജില്ലാ സമ്മേളനം ആദ്യ ദിനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

നാളെ പുതിയ ജില്ലാ കമ്മിറ്റിയേയും ജില്ലാ സെക്രട്ടറിയേയും സമ്മേളനം തെരഞ്ഞെടുക്കും. 31ന് സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന സമാപന റാലിയിൽ അരലക്ഷം പേർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

55, 624 പാർട്ടി അംഗങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ സമ്മേളന ശേഷം 4037 അംഗങ്ങൾ വർധിച്ചു. 4501 ബ്രാഞ്ചും 283 ലോക്കൽ കമ്മിറ്റികളും പ്രവർത്തിക്കുന്നു. 6 ലോക്കൽ കമ്മിറ്റിയും 135 ബ്രാഞ്ചും 3 വർഷത്തിനിടെ പുതുതായി വന്നു. 395 ബ്രാഞ്ച് സെക്രട്ടറിമാരും 10 ലോക്കൽ കമ്മിറ്റിയെ നയിക്കുന്നവരും സ്ത്രീകളാണ്.




