KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ അനധികൃത കരിങ്കല്ല് കടത്ത് സിപിഐ(എം) തടഞ്ഞു

കൊയിലാണ്ടി: ലക്ഷങ്ങളുടെ അഴിമതി. ദേശീയപാത നിർമ്മാണത്തിനിടെ അനധികൃത കരിങ്കല്ല് കടത്ത് സിപിഐ(എം) തടഞ്ഞു. പന്തലായനി പുത്തലത്ത്കുന്ന് ഭാഗത്താണ് ഒരു മാനദണ്ഡങ്ങളും പാലിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ ആയിരത്തിലധികം ലോഡ് കരിങ്കല്ല് കടത്തുന്ന സംഭവം വിവാദമാകുന്നത്. ഇന്നലെ കൊയിലാണ്ടി ഡയറി ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരുന്നു. തുടർന്നാണ് സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി തടഞ്ഞത്. തുടർന്ന് വില്ലേജ് ഓഫീസറും തഹസിൽദാരുടെ നേത്വത്തിലുള്ള സ്പെഷ്യൽ സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

അദാനി ഗ്രൂപ്പിൻ്റെ ചില ജീവനക്കാരുടെ സഹകരണത്തോടെയാണ് സ്വകാര്യ വ്യക്തികൾക്ക് ടിപ്പർ ലോറിയിൽ ലോഡിന് 4000 രൂപ വീതം വാങ്ങി പകൽക്കൊളള നടത്തുന്നത്. ഒരേ സമയത്ത് 15ൽ അധികം ലോറികളിലായാണ് 3 ജെ.സി.ബികളുടെ സഹായത്തോടെ കരിങ്കല്ല് കടത്തുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇത് തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് കോഴിക്കോട് കലക്ട്രേറ്റിൽ വെച്ച് ജില്ലാ കലക്ടറുമായി നടത്തിയ മറ്റൊരു ചർച്ചയിൽ വിഷയം ഉന്നയിച്ചതായി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധയും പി. ചന്ദ്രശേഖരനും പറഞ്ഞു. കൌൺസിലർ പ്രജിഷ, പി.എം. ബിജു എന്നിവരും വിഷയം അവതരിപ്പിച്ചു. വിവരം അടിയന്തരമായി ജിയോളജി വകുപ്പിനെ അറിയിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്.

 

കരിങ്കല്ല് ഖനനം നടത്തി പുറത്തേക്ക് കൊണ്ടുപോകാൻ ജിയോളജി വകുപ്പിൻ്റെ അനുമതിയും ആവശ്യമാണ്. അങ്ങിനെ ഒരു അനുമതി കൊടുത്തിട്ടില്ലെന്ന് ജിയോളജി വകുപ്പും റവന്യൂ അധികാരികളും പറയുന്നു. സർക്കാരിൻ്റെയും ദേശീയപാത അതോറിറ്റിയുടെയും അനുമതി ഇല്ലാതെ പുറത്തേക്ക് ഒരു സാധനങ്ങളും കടത്തുവാൻ പാടില്ലാ എന്നിരിക്കെയാണ് അനധികൃതമായി കരിങ്കല്ല് ദൂര സ്ഥലങ്ങളിലേക്ക് കടത്തി സ്വകാര്യ വ്യക്തികൾക്ക് കൊമാറി ഇക്കൂട്ടർ 40 ലക്ഷത്തിലധികം രൂപ കൊള്ള നടത്തിയതെന്നാണ് ആരോപണം.

Advertisements

 

ഇവർക്കെതിരെ കർശന നടപടിസീകരിക്കാനും സർക്കാരിനുണ്ടായ പൊതു നഷ്ടം തിരിച്ചുപിടിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തടയാൻ ചെന്ന നേതാക്കളെ കൈയ്യേറ്റംചൊയ്യാൻ ശ്രമിച്ചതായും നേതാക്കൾ പറഞ്ഞു. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം എം. സുരേന്ദ്രൻ, പി.എം. ബിജു, സി.കെ ആനന്ദൻ, നഗരസഭ കൌൺസിലർ പ്രജിഷ പി എന്നിവരും സമരത്തിന് നേതൃത്വം നൽകി.