KOYILANDY DIARY

The Perfect News Portal

രാഷ്‌ട്രീയ പാർട്ടികൾക്ക്‌ സിപിഐ എം മാതൃക: എം സ്വരാജ്‌

ആലപ്പുഴ: ആധുനിക കാലത്ത്‌  രാഷ്‌ട്രീയ പാർട്ടി എങ്ങനെയാവണമെന്നതിന്‌ ഉദാത്ത മാതൃകയാണ്‌ സിപിഐ എമ്മെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ പറഞ്ഞു. കഞ്ഞിക്കുഴി കണിച്ചുകുളങ്ങരയിൽ സംയോജിത കൃഷി കാമ്പയിൻ കമ്മിറ്റിയുടെ ഓണക്കാല പച്ചക്കറി കൃഷി സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ സമരങ്ങൾ മാത്രമല്ല സന്നദ്ധ സംഘടനയായും, കാർഷിക സംഘടനയായും ജീവകാരുണ്യ പ്രസ്ഥാനമായുമെല്ലാം രാഷ്‌ട്രീയ പാർട്ടിക്ക്‌ പ്രവർത്തിക്കാനാകുമെന്ന്‌ സിപിഐ എം തെളിയിക്കുന്നു. ഇത്‌ മറ്റു പാർട്ടികൾക്കും അനുകരിക്കാവുന്നതാണ്‌.

ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു രാഷ്‌ട്രീയ പാർട്ടി നാടിന്റെ കാർഷികോൽപ്പാദനത്തിൽ നേരിട്ട്‌ തുടർച്ചയായി ഇടപെട്ട്‌ വൻ വിജയമാക്കുന്നത്‌. 2014ലാണ്‌ സിപിഐ എം സംയോജിത കൃഷിക്ക്‌ നേതൃത്വം നൽകാൻ തീരുമാനിച്ചത്‌. അതിന്‌ ശേഷം വലിയ മാറ്റമാണ്‌ മേഖലയിലുണ്ടായത്‌. തുടർച്ചയായി കൃഷി ഏറ്റെടുത്ത്‌ പ്രധാന ആഘോഷ വേളകളിൽ ഒരേ സമയം കൃഷി നടത്തി വിളവെടുത്ത്‌ ജനകീയ ചന്തകളിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.

Advertisements

നൂറുകണക്കിന്‌ മെട്രിക്‌ടൺ പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമാണ്‌ ഇതിലൂടെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത്‌. ഇതൊരു നിശബ്‌ദ വിപ്ലവമാണ്‌. എന്നാൽ ഭൂരിപക്ഷം മാധ്യമങ്ങളും ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക്‌ പ്രചോദനമാകുന്ന രീതിയിൽ വാർത്ത നൽകാൻ തയ്യാറായിട്ടില്ല. കാർഷിക രംഗത്തേക്ക്‌ മുഴുവൻ മനുഷ്യരേയും ആകർഷിക്കുന്ന തരത്തിൽ ഓണക്കാലത്ത്‌ നമുക്കത്‌ സംഘടിപ്പിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

കഞ്ഞിക്കുഴി കണിച്ചുകുളങ്ങര ജങ്‌ഷന്‌ സമീപം പൊതുമേഖല സ്ഥാപനമായ സ്‌റ്റീൽ ഇൻട്രസ്‌ട്രിയൽ ലിമിറ്റഡ്‌ കേരള (സിൽക്ക്‌) യിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായി. കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ് രാധാകൃഷ്ണൻ, പി പി ചിത്തരഞ്ജൻ എംഎൽഎ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. അഞ്ച് ഏക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്.