സിപിഐ (എം) നേതാവ് കെ മാനുകുട്ടൻ (93) അന്തരിച്ചു
ഫറോക്ക്: സിപിഐ (എം) നേതാവ് കെ മാനുകുട്ടൻ (93) അന്തരിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി മുൻ അംഗവും ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എകെടിഎ) മുൻ സംസ്ഥാന പ്രസിഡണ്ടും തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട്. പൊതുദർശനം ഫാറൂഖ് കോളേജിനുസമീപത്തെ വീട്ടിൽ. നിലവിൽ സിപിഐ എം പരുത്തിപ്പാറ ലോക്കൽ കമ്മിറ്റി അംഗവും എകെടിഎ സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. തയ്യൽ തൊഴിലാളിയായി ജീവിതമാരംഭിച്ച മാനുകുട്ടൻ അടിയന്തരാവസ്ഥക്കാലത്ത് സിപിഐ എം ഏരിയാ കമ്മിറ്റി രൂപീകൃതമായതുമുതൽ 2021 വരെയും ഫറോക്ക് ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

ദീർഘകാലം രാമനാട്ടുകര ലോക്കൽ സെക്രട്ടറി, രാമനാട്ടുകര സഹകരണ ബാങ്ക് പ്രസിഡണ്ട്, പഞ്ചായത്ത് അംഗം, തയ്യൽ തൊഴിലാളികളുടെ ദേശീയ സംഘടനയുടെ ഉപാധ്യക്ഷൻ, പികെഎസ് ജില്ലാ ട്രഷറർ, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലീല. മക്കൾ: ഇന്ദിര (പെരുമണ്ണ), കമല (അങ്കണവാടി വർക്കർ, ചേളന്നൂർ), ജലജ (വണ്ടൂർ തിരുവാലി), ഗിരിജ (കുറ്റിക്കാട്ടൂർ), ജയരാജൻ (കേന്ദ്ര നാണ്യവിള ഗവേഷണ കേന്ദ്രം, മുഴിക്കൽ).

മരുമക്കൾ: സാമിക്കുട്ടി (റിട്ട. ജീവനക്കാരൻ, ഹോമിയോ മെഡിക്കൽ കോളേജ്, കോഴിക്കോട്), ഗോപാലകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, തിരുവാലി), രാമചന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ബീന (എൽഐസി, കോഴിക്കോട്), പരേതനായ ശശി (പെരുമണ്ണ). സഹോദരങ്ങൾ: കെ അശോകൻ (ടെയ്‌ലർ, ഫറോക്ക് ചുങ്കം), പരേതയായ ജാനു.

