മാനനഷ്‌ടക്കേസിൽ ട്രംപിനെതിരെ കോടതിവിധി; മാധ്യമപ്രവർത്തകയ്ക്ക് 83 മില്ല്യൺ ഡോളർ നൽകണം
വാഷിങ്‌ടൺ: മാനനഷ്‌ടക്കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ കോടതിവിധി. മാധ്യമപ്രവർത്തക ഇ ജീൻ കാരൾ നൽകിയ കേസിൽ 83 മില്ല്യൺ ഡോളർ നഷ്‌ടപരിഹാരം നൽകാനാണ് കോടതിവിധി. വിചാരണക്കിടെ കോടതിയിൽനിന്ന് ഇറങ്ങിപ്പോയ ട്രംപ് കേസിൽ അപ്പീൽ പോകുമെന്ന് അറിയിച്ചിട്ടുണ്ട്. 2019ൽ പ്രസിഡണ്ടായിരിക്കെ എഴുത്തുകാരി ഇ ജീൻ കാരളിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് കേസ്.
23 വർഷം മുൻപ് ട്രംപ് തന്നെ പീഡിപ്പിച്ചെന്ന് ഫാഷൻ മാസികയിൽ കാരൾ 2019ൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കാരളിന്റെ ആരോപണങ്ങൾ നിഷേധിച്ച ട്രംപ് അവരെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയാണുണ്ടായത്. 1990 കളിൽ ന്യൂയോർക്കിലെ ഒരു ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൽ വെച്ച് കാരളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചതായി കഴിഞ്ഞ വർഷം നടന്ന സിവിൽ വിചാരണയിൽ കണ്ടെത്തിയിരുന്നു.