ചെങ്കടലില്‍ അമേരിക്കൻ കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം

മനാമ: ചെങ്കടലില്‍ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം. സ്റ്റാര്‍ ഐറിസ് എന്ന ചരക്ക് കപ്പലിനെ ലക്ഷ്യമിട്ട് തങ്ങളുടെ നാവിക സേന ആക്രമണം നടത്തിയതായി ഇറാന്‍ പിന്‍തുണയുള്ള ഹൂതികള്‍ തിങ്കളാഴ്‌ച വൈകീട്ട് പ്രസ്‌താവനയില്‍ പറഞ്ഞു. തിങ്കളാഴ്‌ച പുലര്‍ച്ചെ പ്രാദേശിക സമയം നാലരയോടെയാണ് ആക്രമണം ഉണ്ടായത്.

യെമനിലെ തീരദേശ നഗരമായ അല്‍ മുക്കക്ക് തെക്ക് 74 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ രണ്ട് മിസൈലുകള്‍ ഉപയോഗിച്ച് കപ്പല്‍ ആക്രമിച്ചതായി ബ്രിട്ടീഷ് സമുദ്ര വാണിജ്യ സംഘടന സ്ഥിരീകരിച്ചു. 20 മിനിറ്റിനിന്റെ വ്യത്യാസത്തില്‍ കപ്പലില്‍ രണ്ട് മിസൈലുകളും പതിച്ചു. ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പല്‍ അടുത്ത തുറമുഖത്തേക്ക് പോകുകയാണെന്നും സംഘനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 12 ന് ബ്രസീലിലെ വിലാ ഡോ കോണ്ടെ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഇറാനിലെ ബന്ദര്‍ ഇമാം ഖൊമേനി തുറമുഖത്തേക്ക് പോവുകയായിരുന്നുവെന്ന് മറൈന്‍ ട്രാഫിക്കില്‍ നിന്നുള്ള എഐഎസ് ഡാറ്റ കാണിക്കുന്നു.

മിസൈല്‍ ഏറ്റ് കപ്പലിന്റെ സ്റ്റാര്‍ബോര്‍ഡ് ഭാഗത്ത് കേടുപാട് പറ്റിയതായി സമുദ്ര ഗതാഗത സുരക്ഷാ ഏജന്‍സിയായ ആംബ്രെ അറിയിച്ചു. യെമന് എതിരെയുള്ള അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. അനുയോജ്യമായ നാവിക മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണം കൃത്യവും നേരിട്ടുള്ളതുമായിരുന്നെന്നും അവകാശപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ അധിനിവേശ ആക്രമണം അവസാനിപ്പിക്കുംവരെ ഇസ്രയേല്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ ചെങ്കടലില്‍ ആക്രമണം തുടരുമെന്നും സാരി പറഞ്ഞു.

നവംബര്‍ മുതല്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന 51-ാമത്തെ ആക്രമണമാണിത്. അമേരിക്കയിലെ നാസ്‌ഡാക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്‌ത ഗ്രീസ് ആസ്ഥാനമായ സ്റ്റാര്‍ ബള്‍ക്ക് കാരിയേഴ്‌സ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് 20 വര്‍ഷം പഴക്കമുള്ള കപ്പല്‍. കഴിഞ്ഞ ആറിന് മറ്റൊരു സ്റ്റാര്‍ ബള്‍ക്ക് കപ്പലായ സ്റ്റാര്‍ നാസിയ കംസര്‍മാക്‌സിന് മൂന്ന് മിസൈലുകള്‍ ഏറ്റ് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

