KOYILANDY DIARY.COM

The Perfect News Portal

ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി

നടി ഹണി റോസിനെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. കോടതി ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയതു. അതിനിടെ, ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും കോടതി മുറിയില്‍ വെച്ച് തലകറക്കമുണ്ടാകുകയും ചെയ്തു. ബോബിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും.

അതേസമയം, തുടര്‍ നടപടികള്‍ നടി ഹണി റോസ് നല്‍കിയ രഹസ്യമൊഴി കൂടി പരിഗണിച്ചാകുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നല്‍കി 24 മണിക്കൂര്‍ തികയും മുമ്പാണ് പോലീസ് കര്‍ശന നടപടിയിലേയ്ക്ക് കടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകള്‍ പ്രകാരവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉള്‍പ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisements

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് വയനാട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ പോകാനുള്ള ബോബി ചെമ്മണ്ണൂരിന്റെ നീക്കം പൊളിക്കുകയായിരുന്നു പൊലീസ്.

Share news