കോർപറേഷൻ പാർപ്പിട പദ്ധതി യാഥാർഥ്യത്തിലേക്ക്
കോഴിക്കോട്: കോർപറേഷൻ പാർപ്പിട പദ്ധതി യാഥാർഥ്യത്തിലേക്ക്. ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്നു. നഗരത്തിലെ ആയിരം കുടുംബങ്ങൾക്ക് ഈ സാമ്പത്തിക വർഷം വീടൊരുക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി ബേപ്പൂരിലാണ് ഭവനസമുച്ചയം വരുന്നത്. കെട്ടിട നിർമാണോദ്ഘാടനവും പദ്ധതി പ്രഖ്യാപനവും 29ന് പകൽ മൂന്നിന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും.

നടുവട്ടം ഐടിഐയ്ക്ക് സമീപം കോർപറേഷന്റെ 1.36 ഏക്കർ സ്ഥലത്താണ് ഭവനസമുച്ചയം വരിക. വിവിധ കെട്ടിടങ്ങളിലായി 90 ഭവനങ്ങളുണ്ടാവും. രണ്ട് മുറികളുൾപ്പെടുന്ന ഓരോ വീടിനും 550 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. കോർപറേഷൻ പ്രത്യേക ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ സഹായത്തിലാണ് നിർമാണം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് പിന്തുണയിലാണ് വീടുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഈ വർഷം തന്നെ നിർമാണം പൂർത്തിയാക്കി കുടുംബങ്ങളെ താമസിപ്പിക്കുമെന്ന് പൊതുമരാമത്ത് സമിതി ചെയർമാൻ പി സി രാജൻ പറഞ്ഞു.
ഭൂ–-ഭവനരഹിതർക്ക് ജനകീയ പങ്കാളിത്തത്തിൽ വീടൊരുക്കാനുള്ള ബൃഹദ് ഉദ്യമത്തിനാണ് കോർപറേഷൻ തുടക്കമിടുന്നത്. ഭൂമിയടക്കം ഒരു വീടിന് 14 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ലൈഫിൽ സർക്കാർ നൽകുന്ന പണത്തിന് പുറമെയുള്ളത് വ്യക്തികൾ, സംഘടനകൾ, കൂട്ടായ്മകൾ വഴി കണ്ടെത്തും. ഭൂമി, പണം, നിർമാണ സാമഗ്രികൾ തുടങ്ങി ഏത് രീതിയിലും വിഭവസമാഹരണത്തിൽ ആർക്കും പങ്കാളിയാകാം. പദ്ധതിയുടെ ആദ്യ ആലോചനാ യോഗം കഴിഞ്ഞ ദിവസം ചേർന്ന് രൂപരേഖ തയ്യാറാക്കിയിരുന്നു.
