തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. ഒരു വാർഡില്‍ നിന്ന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ 10 ശതമാനം ഡിസിസിക്ക് നൽകണം. ബാക്കിത്തുക തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് പ്രാദേശികാടിസ്ഥാനത്തിൽ ചെലവഴിക്കാം. മേൽക്കമ്മിറ്റികളെ അറിയിച്ചുമാത്രമേ പണം പിൻവലിക്കാൻ കഴിയൂ. പണം സംഭരിക്കുന്നതിനുള്ള കൂപ്പണും വീടുകളിൽ നൽകുന്നതിനുള്ള അഭ്യർത്ഥനയും വാൾപോസ്റ്ററുകളും കെപിസിസിയാണ് നൽകുന്നത്.

ഓഗസ്റ്റ് 29, 30, 31 തീയതികളിലായി വാർഡ് തലത്തിൽ ജനങ്ങളിൽ നിന്ന് പിരിവ് നടത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പൊരുക്കങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്റ് മുതൽ ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാർ വരെയുള്ള കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച മുതൽ നാലുദിവസം സംസ്ഥാനത്ത് വീടുകൾ കയറിയിറങ്ങും. ഓരോ നേതാവും അവരവരുടെ വാർഡുകളിലെ മുഴുവൻ വീടുകളും സന്ദർശിക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള കർശന നിർദേശം. ഗൃഹസന്ദർശന പരിപാടിയിൽ സഹകരിക്കാതെയും പങ്കെടുക്കാതെയും മാറിനിൽക്കുന്ന നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനവും പാർട്ടിനേതൃത്വം ഒരുക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ട പണം പ്രാദേശികമായി കണ്ടെത്തേണ്ടി വരുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വോട്ടർ പട്ടികയിൽ മുമ്പില്ലാത്തവിധം ആളുകളെ പ്രാദേശിക നേതാക്കൾ ചേർത്തുവെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

