KOYILANDY DIARY.COM

The Perfect News Portal

മകളെ ബലാത്സംഗം ചെയ്യാൻ കൂട്ടുനിന്നു; അമ്മയ്‌ക്ക്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി: മകളെ ബലാത്സംഗം ചെയ്യാൻ രണ്ടാനച്ഛന്‌ ഒത്താശ ചെയ്‌തെന്ന കേസിൽ അമ്മയ്‌ക്ക്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആരോപണം ഏറെ ഗൗരവമുള്ളതാണെന്നും, സത്യമാണെങ്കിൽ അവർ മാതൃത്വത്തിനുതന്നെ അപമാനമാണെന്നും വിലയിരുത്തിയാണ്‌ ജാമ്യം നിഷേധിച്ചത്‌. ഇവരെ കസ്‌റ്റഡിയിൽ വിചാരണ ചെയ്യേണ്ടത്‌ അനിവാര്യമാണെന്നും ജസ്‌റ്റിസ്‌ പി ഗോപിനാഥ്‌ ഉത്തരവിൽ പറഞ്ഞു.  

2018 -2023 കാലയളവിൽ അമ്മയുടെ അറിവോടെയും സമ്മതത്തോടെയും രണ്ടാനച്ഛൻ പലതവണ ബലാത്സംഗം ചെയ്‌തെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നുവെന്നും നഗ്‌നചിത്രങ്ങൾ അയക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചെന്നുമാണ്‌ കേസ്‌. കേസിൽ പങ്കില്ലെന്നും തെളിവുകളില്ലെന്നും ആറുമാസമായി തടവിലാണെന്നും അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ചതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ അമ്മ ഹൈക്കോടതിയെ സമീപിച്ചത്‌. പെൺകുട്ടി മജിസ്‌ട്രേട്ടിന്‌ നൽകിയ മൊഴിയിൽ അമ്മയുടെ പങ്ക്‌ വ്യക്തമാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനും വാദിച്ചു.

പ്രോസിക്യൂഷൻറെ വാദത്തിൽ കഴമ്പുണ്ടെന്ന്‌ കോടതി വിലയിരുത്തി. പെൺകുട്ടിയുടെ മൊഴിയിൽനിന്ന്‌ കാര്യങ്ങൾ വ്യക്തമാണ്‌. അതിനാൽ ഹർജിക്കാരിക്ക്‌ ജാമ്യത്തിന്‌ അർഹതയില്ലെന്നും കസ്‌റ്റഡിയിൽ വിചാരണ നടത്തേണ്ട കേസാണിതെന്നും കോടതി വ്യക്തമാക്കി. വിചാരണ നടക്കുന്ന പട്ടാമ്പി അതിവേഗ കോടതിയെ  ഇക്കാര്യം അറിയിക്കാനും കോടതി നിർദേശിച്ചു.

Advertisements

 

Share news