KOYILANDY DIARY

The Perfect News Portal

മെഡിക്കൽ കോളേജിൽ മലിനജല ശുദ്ധീകരണം സമ്പൂർണ്ണതയിലേക്ക്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ മലിനജല ശുദ്ധീകരണം സമ്പൂർണ്ണതയിലേക്ക്. മെഡിക്കൽ കോളേജിനും അനുബന്ധ സ്ഥാപനങ്ങൾക്കും ഇനി മലിനജലം ഭീഷണിയാവില്ല. കോർപറേഷൻ നിർമ്മിച്ച്‌ നൽകുന്ന രണ്ട് മലിനജല ശുദ്ധീകരണ പ്ലാൻറ് ആരംഭിക്കുന്നതോടെ മെഡിക്കൽ കോളേജ് സമ്പൂർണ മലിനജല മുക്തമാകും. നിർമ്മാണം പൂർത്തിയായ രണ്ട്‌ എംഎൽഡി ശേഷിയുള്ള പ്ലാൻറിൻറെ ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്‌ പകൽ മൂന്നിന്‌ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.
ദിവസവും 20 ലക്ഷം ലിറ്റർ മലിനജലമാണ് പ്ലാൻറിൽ  ശുദ്ധീകരിക്കുക. ടേർഷ്യറി കാൻസർ സെൻറർ, നെഞ്ചുരോഗാശുപത്രി, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം പ്ലാൻറിലെത്തും. ഇതാണ്‌ ശുദ്ധീകരിക്കപ്പെടുക. മെഡിക്കൽ കോളേജ് ആശുപത്രി, മാതൃശിശു സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലമാണ് നിലവിലെ പ്ലാൻറിൽ ശുദ്ധീകരിക്കുന്നത്‌. ദിവസവും 45 ലക്ഷം ലിറ്റർ മലിനജലമാണ് മെഡിക്കൽ കോളേജിലുണ്ടാകുന്നത്.
Advertisements
പുതിയ പ്ലാൻറ്  തുടങ്ങുന്നതോടെ ദിവസവും 40 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാനാകും. ബാക്കി വരുന്നത് നഴ്സിങ്‌ കോളേജിനു സമീപം നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ ഒരു എംഎൽഡി ശേഷിയുള്ള പ്ലാന്റിൽ ശുദ്ധീകരിക്കും. വർഷങ്ങളായി മലിനജല ഭീഷണി നേരിടുന്ന മെഡിക്കൽ  കോളേജിൻറെ പരിസര പ്രദേശത്തുകാർക്ക്‌ പദ്ധതി വലിയ ആശ്വാസമാകും. ആദ്യത്തെ പ്ലാൻറ് ആരംഭിച്ചപ്പോൾ തന്നെ മായനാട് പ്രദേശത്തെ ജല സ്രോതസ്സുകൾ മാലിന്യമുക്ത മായിരുന്നു.
അമൃത് പദ്ധതിയിൽ 18 കോടി രൂപ ചെലവിലാണ്‌ കോർപറേഷൻ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഇതുകൂടാതെ മൂന്ന്‌ കോടി രൂപ ചെലവിൽ ഖരമാലിന്യ സംസ്കരണത്തിനുള്ള അത്യാധുനിക ഇൻസിനറേറ്റർ സ്ഥാപിക്കുന്നുണ്ട്. രണ്ട് പദ്ധതികൾ വഴി സമ്പൂർണ ജല – ഖര മാലിന്യ സംസ്കരണത്തിലൂടെ സീറോ വേസ്റ്റ് മെഡിക്കൽ കോളേജ്‌ പദ്ധതി ലക്ഷ്യത്തിലെത്തും.