KOYILANDY DIARY.COM

The Perfect News Portal

സാന്ദ്രാ തോമസിന്റെ പരാതി; ബി ഉണ്ണികൃഷ്ണനെതിരെ കേസ്

നിർമാതാവ് സാന്ദ്രാ തോമസിൻ്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന സാന്ദ്രയുടെ പരാതിയിലാണ് കേസെടുത്തത്. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും പരാതിയിലുണ്ട്. നിർമാതാവ് ആന്റോ ജോസഫാണ് രണ്ടാം പ്രതി. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.

ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ വൈരാഗ്യ നടപടിയെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. ഫെഫ്കയിലെ ചില കാര്യങ്ങൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിനെതിരെ പ്രശ്‌നങ്ങൾ ഉയർന്നിരുന്നു. രണ്ട് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമർശിച്ചിരുന്നു. സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു.

 

 

അച്ചടക്കലംഘനം എന്ന വിശദീകരണമാണ് ഇതിന് നിർമാതാക്കളുടെ സംഘടന നൽകിയത്. രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നായിരുന്നു പ്രോഡ്യൂസേഴ്സ് അസോസിയേഷൻറെ നിലപാട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നടപടി കോടതി സ്റ്റേ ചെയ്തിരുന്നു.

Advertisements

 

മലയാള സിനിമ ചെയ്യാൻ തന്നെയിനി സമ്മതിക്കില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഭീഷണിപ്പെടുത്തിയതായി സാന്ദ്ര തോമസ് ജനകീയ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ബി ഉണ്ണികൃഷ്ണന് തന്റെ ആദ്യത്തെ സനിമ മുതൽ തന്നെ ഇഷ്ടമല്ലെന്നും സാന്ദ്ര പറയുന്നു. നിർമാതാക്കളുടെ സംഘടനയുടെ പല തീരുമാനങ്ങളിലും ബി ഉണ്ണികൃഷ്ണന്റെ ഇടപെടൽ ഉണ്ടാവാറുണ്ടെന്നും സാന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു.

Share news