സിസ്റ്റർ ലിനിയുടെ ഓർമകളിൽ സഹജീവി സ്നേഹത്തിന്റെ സന്ദേശം കൊരുത്ത് സഹപ്രവർത്തകർ
 
        കോഴിക്കോട്: ആതുര ശുശ്രൂഷയ്ക്കിടെ നിപാ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഓർമകളിൽ സഹജീവി സ്നേഹത്തിന്റെ സന്ദേശം കൊരുത്ത് സഹപ്രവർത്തകർ. ആശുപത്രികളിലെത്തുന്ന നിരാലംബർക്ക് വസ്ത്രം, കുട്ടികൾക്ക് കുട, ബാഗ്, രക്തദാനം. സേവനത്തിന്റെയും സ്നേഹത്തിന്റെയും  കെടാവിളക്കാവുകയാണ് നഴ്സുമാർ.

കേരള ഗവ. നഴ്സസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ  ആരംഭിച്ച ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിലാണ് സംസ്ഥാനത്താകെ വിവിധ സേവനങ്ങൾ നടത്തുന്നത്.   ലിനിയുടെ  അഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങളാണുള്ളത്. മറ്റൊരു വസ്ത്രം മാറ്റാനില്ലാതെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായമാകുന്ന ‘ഡ്രസ് ബാങ്ക്’ പ്രവർത്തനം കൂടുതൽ ആശുപത്രികളിലേക്ക് വിപുലപ്പെടുത്തുന്നതാണ് ഇതിൽ ശ്രദ്ധേയം.
 അഞ്ച് വർഷം മുമ്പ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്  ഡ്രസ് ബാങ്കിന് തുടക്കമിട്ടത്.
മറ്റ് ജീവനക്കാരിൽനിന്നും പൊതുജനങ്ങളിൽ നിന്നുമാണ് വസ്ത്രം ശേഖരിക്കുന്നത്. എൻഎംസിഎച്ച്, ഐഎംസിഎച്ച്, ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് പുറമെ താമരശേരി താലൂക്ക് ആശുപത്രിയിലും  ബാങ്ക് കഴിഞ്ഞ ദിവസം  തുടങ്ങി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡ്രസ് ബാങ്ക് 21ന് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
 ടൗൺ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ 20ന്  കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തും. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലും നഴ്സുമാർ  രക്തദാന ക്യാമ്പ് നടത്തി.  21ന് കെഎസ്ടിഎ ഹാളിൽ പകൽ 2.30ന് അനുസ്മരണം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.


 
                        

 
                 
                