KOYILANDY DIARY

The Perfect News Portal

സഹകരണ സംഘം തട്ടിപ്പ്; മുഖ്യപ്രതിയായ കോൺഗ്രസ് നേതാവ് പിടിയിൽ

വെള്ളറട: സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്‌ത് ഉദ്യോഗാർഥികളെയും നിക്ഷേപകരെയും കബളിപ്പിച്ചു പണം അപഹരിച്ച കേസിലെ മുഖ്യപ്രതിയായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ – ഓപ്പറേറ്റീവ് സൊസൈറ്റി വെള്ളറട ശാഖയിലെ പ്രസിഡണ്ട് കീഴാറൂർ കുറ്റിയാണിക്കാട് സ്വദേശി അഭിലാഷ് ബാലകൃഷ്‌ണൻ (32) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതാവായ ഇയാൾക്ക് ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ചില വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ബാങ്ക് ശാഖയിലാണ് വൻതട്ടിപ്പ് നടന്നത്.
ശാഖ ആരംഭിച്ച സമയം ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ നിക്ഷേപം നടത്തിച്ച് ചിലർക്ക് ജോലി നൽകുകയും മറ്റുള്ളവർക്ക് ജോലി നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. അതോടൊപ്പം ബാങ്ക് സ്റ്റാഫുകളെ കൊണ്ട് ബന്ധുക്കളുടെയും പരിചയക്കാരുടെയും കൈയിൽനിന്ന് നിർബന്ധിച്ച് നിക്ഷേപം നടത്തിക്കുകയും ചെയ്‌തു. എന്നാൽ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ബാങ്കിന്റെ പ്രവർത്തനം നിലച്ച്‌ ബാങ്ക് പൂട്ടുകയായിരുന്നു. കെണിയിൽ അകപ്പെട്ടുപോയ നിക്ഷേപകരും ഉദ്യോഗസ്ഥരും പല തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് ചിലർ കോടതിയെ സമീപിച്ച് കേസ് നൽകിയത്.
കോടതി കേസന്വേഷിക്കാൻ വെള്ളറട പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞ പ്രതി ഒളിവിൽ കഴിയവേ കണ്ണമ്മൂലയിലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ എം ആർ മൃദുൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനൽ എസ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്‌, ഷാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.