KOYILANDY DIARY

The Perfect News Portal

പൊങ്കാലയ്ക്ക് ശേഷം മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ക്ലീന്‍

ആറ്റുകാല്‍ പൊങ്കാല നിവേദ്യത്തിന് പിന്നാലെ മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ക്ലീന്‍. പൊങ്കാല കഴിഞ്ഞ് ഭക്തര്‍ മടങ്ങുമ്പോള്‍ ചുടുകട്ടകള്‍ ഉള്‍പ്പെടെയുള്ള ചവറുകള്‍ കൊണ്ട് നഗരം നിറഞ്ഞിരുന്ന തിരുവനന്തപുരം നഗരം മണിക്കൂറിനുള്ളില്‍ ക്ലീനായി. 2750 തൊഴിലാളികളാണ് നഗരം ശുചിയാക്കാനിറങ്ങിയത്. 1200 നഗരസഭാ തൊഴിലാളികള്‍, 1400 താല്‍ക്കാലിക ജീവനക്കാര്‍, 150 വോളന്റിയര്‍മാര്‍ എന്നിവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ രാത്രിയോടെ നഗരം ക്ലീനായി.

നഗരത്തിലെ ചവറുകള്‍ ആറു മണിയോടെ നീക്കം ചെയ്തു. ഇട റോഡുകളിലെ മാലിന്യനീക്കത്തിനാണ് പിന്നേയും സമയമെടുത്തത്. ഭക്തര്‍ മടങ്ങിയയുടന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മാലിന്യ നീക്കത്തിനു ശേഷം റോഡുകളില്‍ വെള്ളം തളിച്ചു വൃത്തിയാക്കി. വലിയ ടാങ്കറുകളിലാണ് വെള്ളം എത്തിച്ചത്. 127 വലുതും ചെറുതമായ വാഹനങ്ങളിലാണ് ചവറുകള്‍ മാറ്റിയത്. അതേസമയം പൊങ്കാലയ്ക്കായി ഉപയോഗിച്ച ഇഷ്ടികള്‍ ഇത്തവണയും നിര്‍ധനര്‍ക്ക് വീടായി മാറും.

 

കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഇഷ്ടികകള്‍ ശേഖരിച്ചു. മൂന്നുലക്ഷത്തോളം ഇഷ്ടികളാണ് ഇത്തവണ പൊങ്കാലയ്ക്കായി ഉപയോഗിച്ചത്. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള ഭവന പദ്ധതികള്‍ക്കാണ് ഈ ഇഷ്ടികകള്‍ ഉപയോഗിക്കുന്നത് . കൈപൊള്ളുന്ന ചൂടോടെ ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്ന ഇഷ്ടികകള്‍ ചിലരുടെ വീട് എന്ന സ്വപ്നത്തിന് ചുവരുകള്‍ നല്‍കും. ഇത്തവണ 3 ലക്ഷത്തോളം ഇഷ്ടികകള്‍ വരുമെന്നാണ് കണക്കുകൂട്ടല്‍.

Advertisements

 

ഭവന പദ്ധതികളില്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ഇഷ്ടികകള്‍ വിതരണം ചെയ്യുന്നത്. നേരത്തെ റോഡുകളിലും വഴിയോരങ്ങളിലും ബാക്കിയാവുന്ന ഇഷ്ടികകള്‍ ഉപയോഗശൂന്യമാവുകയായിരുന്നു പതിവ്. 2018 മുതലാണ് പൊങ്കാല അടുപ്പുണ്ടാക്കി വെറുതെ വരുന്ന ഇഷ്ടികകള്‍ കോര്‍പ്പറേഷന്‍ ശേഖരിച്ചു തുടങ്ങിയത്. വി കെ പ്രശാന്ത് മേയറായിരുന്നപ്പോഴാണ് ഇത്തരമൊരു ആശയം നടപ്പിലാക്കി തുടങ്ങിയത്.