KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയുടെ സാമൂഹിക, സാംസ്കാരിക രംഗത്ത് സ്വാധീനം ചെലുത്തിയ നളന്ദയിലെ സഹപാഠികൾ ഒന്നിക്കുന്നു

കൊയിലാണ്ടിയുടെ സാമൂഹിക, സാംസ്കാരിക രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ നളന്ദയിലെ സഹപാഠികൾ ഒക്ടോബർ 27ന് ഒത്തുചേരുന്നു. 1960 കളിൽ കൊയിലാണ്ടിയിൽ ആരംഭിച്ച ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളിൽ ആദ്യത്തേതായിരുന്ന നളന്ദ ട്യൂട്ടോറിയൽസ് ഇന്ന് വെറും ഓർമ്മ മാത്രമാണ്.  സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ഗാന്ധിയനും ആദ്യ കാല BA ഹോണേർസ് ബിരുദധാരിയുമായിരുന്നപുളിങ്കുളത്തിൽ അച്ചുതൻ മാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപകൻ.
.
.
ഉന്നത വിദ്യാഭ്യാസ നേടിയ യുവതയുടെ ആദ്യകാല തൊഴിലാശ്രയ കേന്ദ്രമായിരുന്നു നളന്ദ. നളന്ദയിലെ പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും പിൽകാലത്ത് സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുണ്ട്. കൊയിലാണ്ടിയുടെ സാമൂഹിക,സാംസ്കാരി രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ കലാലയമായിരുന്ന നളന്ദ അമേച്വർ നാടകങ്ങളും, ചൊൽക്കാഴ്ചകളും ഫിലീം സൊസൈറ്റി പ്രവർത്തനങ്ങളും ഉൾപ്പെടെ  സാംസ്കാരിക രംഗത്ത് ഇടപെടുവാൻ സാധിച്ചിട്ടുണ്ട്.
.
.
പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന നളന്ദ, 1990കളുടെ അവസാനം വരെ നിലനിൽക്കുകയുണ്ടായി. പിന്നീടുള്ള നീണ്ട ഇടവേളയെ തുന്നി ചേർത്ത് 1960 മുതൽ നളന്ദയിൽ പഠിപ്പിച്ച അദ്ധ്യാപകരും, വിദ്യാർത്ഥികളും 27ന് ഒന്നിച്ചു ചേരുകയാണ്. “ഓർമ്മകളിലെ എന്റെ നളന്ദ” അദ്ധ്യാപക – വിദ്യാർത്ഥി സംഗമം. 2024 ഒക്ടോബർ 27 ഞായറാഴ്ച രാവിലെ 9 മണി മുതൽ കൊല്ലം ചിറ, ലേക്ക് വ്യു ഹാളിൽ നടക്കും.
.
.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കവിയും, നിരൂപകനും നോവലിസ്റ്റുമായ കല്പറ്റ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഏഷ്യനെറ്റ് സീനിയർ ന്യൂസ് എഡിറ്റർ എൻ.കെ രവീന്ദ്രൻ, സാംസ്കാരിക പ്രവർത്തകനായ എൻ. കെ ശിവദാസൻ എന്നിവർ സംബന്ധിക്കുമെന്ന്  ചെയർമാൻ രാജൻ ടി.പി.യും കൺവീനർ ജയരാജ് പണിക്കരും അറിയിച്ചു.
Share news