വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിനെതിരെ ചൈന.
വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിനെതിരെ ചൈന. വെനിസ്വേലയിലെ യു എസ് സൈനിക ആക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടിയതിനെയും ശക്തമായി എതിർക്കുന്നതായും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒരു പരമാധികാര രാഷ്ട്രത്തിനെതിരെ അമേരിക്ക നടത്തിയ ബലപ്രയോഗവും അതിന്റെ പ്രസിഡന്റിനെതിരായ നടപടിയും ഞെട്ടിക്കുന്നതാണെന്നും അമേരിക്കയുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ബീജിംഗ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

യുഎസിന്റെ ഇത്തരം ആധിപത്യപരമായ പെരുമാറ്റം അന്താരാഷ്ട്ര നിയമത്തെയും വെനിസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുകയും ലാറ്റിൻ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്യുന്നതാണെന്നും ചൈന ഇതിനെ ശക്തമായി എതിർക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം അന്താരാഷ്ട്ര നിയമവും യുഎൻ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും പാലിക്കണമെന്നും മറ്റ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും ലംഘിക്കുന്നത് അവസാനിപ്പിക്കണമെന്നും യുഎസിനോട് ആവശ്യപ്പെട്ടു.




