KOYILANDY DIARY.COM

The Perfect News Portal

ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാൻ ഒരുങ്ങി ചൈന

ബീജിങ്‌: ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാൻ ഒരുങ്ങി ചൈന. ടിബറ്റിലെ ബ്രഹ്മപുത്ര നദിയിലാണ് ചൈന അണക്കെട്ട്‌ നിർമിക്കുന്നത്‌. 137 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് അടുത്തിടെയാണ്‌ അംഗീകാരം ലഭിച്ചത്‌. ഈ ബൃഹത് പദ്ധതിയിലൂടെ പ്രതിവർഷം 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

ഹിമാലയത്തിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര ടിബറ്റിൽ ‘യെർലാങ് സാങ്ബോ നദി’ എന്നാണ് അറിയപ്പെടുന്നത്. വൈദ്യുതി ഉൽപ്പാദനത്തിനായി ‘നാംച ബർവ’ മലനിരകളിൽ 20 കിലോമീറ്റർ നീളമുള്ള നാലോ ആറോ ഭീമൻ തുരങ്കങ്ങൾ കുഴിക്കേണ്ടി വരും. ഈ പദ്ധതി ചൈനയിലെ നിലവിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോർജസിനെ മറികടക്കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തു.

അണക്കെട്ട്‌ നിർമിക്കാൻ പോകുന്ന പ്രദേശത്ത്‌ വൻ ഭൂകമ്പ സാധ്യതയാണ്‌ നിലനിൽക്കുന്നത്‌. അതിനാൽ തന്നെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട്‌ ചൈനയുടെ മുന്നിൽ വലിയ വെല്ലുവിളിയാണുള്ളത്‌. ഈ പദ്ധതിയിലൂടെ ടിബറ്റിന് 3 ബില്യൺ ഡോളർ വാർഷിക വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് ചൈന പവർ കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മുൻ ചെയർമാൻ യാൻ സിയോങ് അവകാശപ്പെട്ടു.

Advertisements
Share news