KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയുടെ ചരിത്രവും സംസ്കാരിക പൈതൃകവും പഠിക്കാനായി ബാലപാർലമെന്റ്‌ സംഘം ഡൽഹിയിൽ

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രവും സംസ്കാരിക പൈതൃകവും വികസന മാതൃകകളും പഠിക്കാനായി കുടുംബശ്രീ ബാലപാർലമെന്റ്‌ സംഘം ഡൽഹിയിൽ. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ബാലപാർലമെന്റിലെ വിജയികളാണ് തലസ്ഥാനവും മറ്റ് സംസ്ഥാനങ്ങളും സന്ദർശിക്കുന്നത്. പാർലമെന്റ്‌, വിവിധ ചരിത്രസ്മാരകങ്ങൾ, മ്യൂസിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിക്കും. കുട്ടികളുടെ സാമൂഹ്യ അവബോധം മെച്ചപ്പെടുത്താനും കൂടുതൽ അറിവ് നേടാൻ പ്രാപ്തരാക്കുന്നതിനുമായാണ്‌ പഠനബോധന യാത്ര.

ഡൽഹി കൂടാതെ രാജസ്ഥാൻ, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളും സംഘം സന്ദർശിക്കും. കുട്ടികളുടെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് വിവിധ തലങ്ങളിൽ ബാലപാർലമെന്റ്‌ സംഘടിപ്പിച്ചത്. പഞ്ചായത്തുതല ബാലപാർലമെന്റ്‌ വിജയികളെ ഉൾപ്പെടുത്തി ജില്ലാതല ബാലപാർലമെന്റും തുടർന്ന് സംസ്ഥാനതല ബാലപാർലമെന്റും സംഘടിപ്പിച്ചിരുന്നു. ഇതിൽ വിജയികളായവർക്കാണ് ഇന്ത്യൻ പാർലമെന്റും മറ്റ് സംസ്ഥാനങ്ങളും സന്ദർശിക്കാൻ അവസരമൊരുക്കിയത്. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്, സംസ്ഥാന പ്രോഗ്രാം മാനേജർ അരുൺ പി രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘവും ഒപ്പമുണ്ട്‌.

Share news