ഇരട്ടക്കൊലക്കേസിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല, ചെയ്തത് തെറ്റ് തന്നെയാണെന്ന് ചെന്താമര

ഇരട്ടക്കൊലക്കേസിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല. ചെയ്തത് തെറ്റ് തന്നെയാണെന്ന് പ്രതി ചെന്താമര. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനിടെ അഭിഭാഷകനോട് സംസാരിക്കാൻ കോടതി ചെന്താമരയെ അനുവദിച്ചു. ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം. അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാൻ ഉത്തരവിട്ടത്. ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയിലാണ് നടപടി പുരോഗമിക്കുന്നത് ചിറ്റൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് ശിവദാസാണ് മൊഴി രേഖപ്പെടുത്തുന്നത്.

എന്നാൽ ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ല എന്നും ചെന്താമരയുടെ അഭിഭാഷകൻ ജേക്കബ് മാത്യു പറഞ്ഞു. ഇതുവരെ ചെന്താമരക്ക് നിയമോപദേശം ലഭിച്ചിരുന്നില്ല. കുറ്റസമ്മതം നടത്തിയാലുള്ള ഭവിഷ്യത്ത് എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കി. പൊലീസ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അനുസരിച്ച് വിചാരണ നേരിടും.

ഇന്നലെ ചെന്താമരയെ ചിറ്റൂർ കോടതിയിൽ എത്തിച്ചെങ്കിലും പിന്നീട് തിരികെ കൊണ്ടുപോയി. ഒരു ദിവസം വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ പ്രത്യേക സെല്ലിൽ നിരീക്ഷിച്ച ശേഷം മൊഴി രേഖപ്പെടുത്താമെന്ന് കോടതി ഇന്നലെ അറിയിക്കുകയായിരുന്നു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂർണമായും ഒഴിവാക്കിയാക്കിയാണ് രഹസ്യ മൊഴിയെടുക്കുന്നത്.

