ചേന്ദമംഗലം കൂട്ടക്കൊല കേസ്; പ്രതി ഋതു ജയനുമായി തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം

നാടിനെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊല കേസില്‍ പ്രതി ഋതു ജയനുമായി തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പുലര്‍ച്ചെയാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. കനത്ത പൊലീസ് വലയത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംഭവത്തിന് ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതി ഋതു വീട്ടിലേക്ക് വരുന്നതും കുടുംബാംഗങ്ങളെ ആക്രമിക്കുന്നതും കണ്ടതായി കുട്ടികള്‍ മൊഴി നല്കി.

പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെയാണ് ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്റെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ജിതിനെ വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. വേണുവും കുടുംബവും അപകീര്‍ത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നല്‍കിയിട്ടുള്ളത്.

