പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു

നിലമേൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചവറ കോലം പന്മന സ്വദേശി അനന്തുവിനെയാണ് (23) പിടികൂടിയത്. ഇയാൾ കഴിഞ്ഞ മൂന്ന് വർഷമായി ചടയമംഗലത്തുള്ള 16കാരിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായിരുന്നു.

ഈ ബന്ധം മറയാക്കി പെൺകുട്ടിയുടെ വീട്ടിൽ വച്ചും പല റിസോർട്ടുകളിലെത്തിച്ചും പീഡിപ്പിച്ചു. ലഹരിക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടർന്ന് യുവതി പ്രണയബന്ധത്തിൽ നിന്ന് പിന്മാറി.

ഈ വൈരാഗ്യത്തിൽ യുവാവ് പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇതോടെ പെൺകുട്ടി വിവരങ്ങൾ വീട്ടുകാരോട് പറയുകയും ചടയമംഗലം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

