KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര വെല്ലുവിളിയെ അതിജീവിക്കും: സാധാരണക്കാരെ സംസ്ഥാന ബജറ്റ് കൈവിടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

സാധാരണക്കാരെ സംസ്ഥാന ബജറ്റ് കൈവിടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പ്രവർത്തനങ്ങൾക്ക് ബജറ്റ് ഊന്നൽ നൽകും. വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക നീക്കിയിരിപ്പ് ഉണ്ടാകും. വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണനയും കൂടുതൽ മൂലധന നിക്ഷേപവും ബജറ്റിൽ ഉണ്ടാകും. കേന്ദ്ര നിലപാട് എന്ന വെല്ലുവിളിയെ അതിജീവിക്കുന്നതാകും സംസ്ഥാന ബജറ്റെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഘട്ടത്തിലാണ് സർക്കാർ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ പോകുന്നത്. എന്നാൽ കേന്ദ്ര വെല്ലുവിളി സംസ്ഥാനത്തെ ബാധിക്കാത്ത തരത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് ധനമന്ത്രി കെഎൻ ബലഗോപാൽ വ്യക്തമാക്കി.

ക്ഷേമ പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീ‍ഴ്ചയും സർക്കാർ നടത്തില്ല. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കണം എന്നതിൽ തർക്കമില്ലെന്നും വർദ്ധനവ് എപ്പോൾ എങ്ങനെ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വരുമാന വർദ്ധനവിൽ നിലവിലെ സർക്കാർ നടപടികൾ തുടരും. ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Advertisements

കൂടുതൽ മൂലധന നിക്ഷേപത്തിന് ബജറ്റ് വഴിയൊരുക്കും. നെല്ല് – റബ്ബർ എന്നിവയ്ക്ക് ബജറ്റ് പ്രത്യേക പരിഗണന നൽകും. മനുഷ്യ വന്യജീവി സംഘർഷത്തിൽ നിയമനിർമ്മാണത്തിന് വേണ്ടി സജീവ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഫിബ്രവരി 7നാണ് സംസ്ഥാന ബജറ്റ് കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുക.

Share news