മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായില്ല

കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായില്ല. തുടർന്ന് കോഴിക്കോട് ജെഎഫ്‌സിഎം (നാല്) കോടതി കേസ് പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി. 2023 ഒക്‌ടോബർ 27നാണ് സംഭവം. കോഴിക്കോട് തളി ക്ഷേത്രത്തിലെ രേവതി പട്ടത്താനം ഉദ്‌ഘാടനം ചെയ്യാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച വനിതാ റിപ്പോർട്ടറുടെ തോളിൽ കൈവയ്ക്കുകയായിരുന്നു.

ഇതിനെ എതിർത്തെങ്കിലും വീണ്ടും കൈവയ്ക്കാൻ ശ്രമിച്ചു. കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസും രഹസ്യമൊഴി മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവർ ഉൾപ്പെടെ 27 പേരിൽനിന്ന് മൊഴിയെടുത്തിരുന്നു. തുടർന്ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാനും വിളിച്ചുവരുത്തി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 354, പൊലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി മുൻകൂർ ജാമ്യം എടുക്കുകയായിരുന്നു.

