വാഹനാപകടം: പരിക്കേറ്റ ഡ്രൈവറെ രക്ഷിക്കാതെ ലോറിയിലെ കോഴികളെ അടിച്ചുമാറ്റുന്ന നാട്ടുകാരുടെ വീഡിയോ വൈറൽ
ലോറികൾ കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ രക്ഷിക്കാതെ ലോറിയിലുള്ള കോഴികളെ അടിച്ചുമാറ്റുന്ന നാട്ടുകാരുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, ദില്ലി- ആഗ്ര ദേശീയ പാതയിലായിരുന്നു സംഭവം. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 12 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വില്‍പന കേന്ദ്രങ്ങളിലേക്ക് കോഴിയുമായിപോയ ഒരു പിക്കപ്പ് ലോറിയും അപകടത്തില്‍പ്പെട്ടു. അപകടസ്ഥലത്ത് ഓടിക്കൂടിയ ജനങ്ങളുടെ ശ്രദ്ധയില്‍ ഇത് പെട്ടു. പരിക്കേറ്റ ഡ്രൈവര്‍ സഹായത്തിനായി നിലവിളിച്ചെങ്കിലും ആളുകള്‍ അതൊന്നും വകവെച്ചില്ല. പകരം കോഴിയെ അടിച്ചുമാറ്റുന്ന തിരക്കിലായിരുന്നു നാട്ടുകാരെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


അതേസമയം മറ്റു ചിലര്‍ ഇതെല്ലാം മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. കഴിയുന്നത്ര കോഴികളെയുമെടുത്ത് ആളുകള്‍ കടന്നുകളയുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ചിലര്‍ ചാക്കുകളുമായി വന്ന് കൂട്ടത്തോടെ കോഴികളെ എടുത്ത് ചാക്കിലാക്കി കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്.

