കടലെടുത്തു, ബ്ലിസ് പാർക്കിൻറെ സൗന്ദര്യം

വെസ്റ്റ്ഹിൽ: സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിച്ച ഭട്ട്‌റോഡ് ബീച്ചിലെ ബ്ലിസ് പാർക്ക് കടലെടുക്കുന്നു. കടലാക്രമണം രൂക്ഷമായതോടെ പടിഞ്ഞാറുഭാഗത്തെ കടൽഭിത്തി പൂർണമായി ഒലിച്ചുപോയി. പാർക്കിനോട് ചേർന്ന ഭാഗത്തെ മണൽ തിരയെടുത്തതോടെ മരങ്ങൾ കടപുഴകി. നൂറുമീറ്ററോളം നീളത്തിൽ ഭിത്തികെട്ടി നിർമിച്ച ഇരിപ്പിടങ്ങൾ പലതും വീഴാറായി.

കടലിനടുത്തുണ്ടായിരുന്ന പെട്ടിക്കടകൾ ഒലിച്ചുപോകാതിരിക്കാൻ വൈദ്യുതിത്തൂണുകളിൽ കെട്ടിയിട്ടിരിക്കുകയാണ്. കാസ്റ്റ് അയേണിൽ നിർമിച്ച ആറ് വൈദ്യുതിത്തൂൺ കടലിലേക്ക് മറിഞ്ഞു. കുട്ടികൾക്ക് കളിക്കാൻ നിർമിച്ച ഊഞ്ഞാലും ഇരിപ്പിടങ്ങളുമടങ്ങുന്ന ഭാഗത്താണ് കടലാക്രമണം. ഈ ഭാഗത്ത് പ്രവേശനം തടഞ്ഞ് കയർ കെട്ടിയിട്ടിരിക്കുകയാണ്. ശാന്തിനഗർ കോളനിയിലും കടലേറ്റം രൂക്ഷമാണ്.
