കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്; അറുപതോളം വീടുകൾ ഇടിച്ചുനിരത്തി
.
ബംഗളൂരു അർബൻ ജില്ലയിലെ താനിസാന്ദ്രയിൽ വ്യാപകമായ കുടിയൊഴിപ്പിക്കൽ നടപടിയുമായി കർണാടക സർക്കാർ. സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ യോഗി ആദിത്യനാഥ് സർക്കാരിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാവുകയാണ്. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെ പ്രദേശത്തെ അറുപതോളം വീടുകൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. കോൺഗ്രസ് സർക്കാരിന്റെ ഈ നടപടി നിരവധി കുടുംബങ്ങളെയാണ് പെരുവഴിയിലാക്കിയിരിക്കുന്നത്.

നാല് ജെസിബികൾ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കൽ പ്രവർത്തനം. ഏകദേശം 400 കുടുംബങ്ങൾ ഈ ഒഴിപ്പിക്കൽ കാരണം ഭവനരഹിതരായി. എസ്ആർകെ നഗറിനടുത്ത് രാവിലെ നാല് മണിയോടെയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. മുൻകൂർ അറിയിപ്പ് നൽകാതെ ഉദ്യോഗസ്ഥർ പെട്ടെന്ന് എത്തി വീടുകൾ പൊളിച്ചുമാറ്റിയതായി താമസക്കാർ ആരോപിച്ചു.

കഴിഞ്ഞ കുറച്ചുനാളുകളായി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ബുൾഡോസർ നടപടികൾ തുടരുകയാണ്. പാവപ്പെട്ട കുടുംബങ്ങളുടെ പാർപ്പിടങ്ങൾക്കു നേരെ മുൻകരുതലുകളില്ലാതെ നടത്തുന്ന ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നോട്ടീസ് പോലും നൽകാതെയുള്ള ഈ ‘ബുൾഡോസർ നീതി’ ദരിദ്ര ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനങ്ങൾ ആരോപിച്ചു.




