ക്രിസ്തുമസ് ദിനത്തിൽ സുരേഷ് ഗോപി തൃശൂരിൽ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ BJP-യിൽ അതൃപ്തി; മറ്റൊരു ദിവസം നടത്താൻ ജില്ലാ നേതാക്കൾ അറിയിച്ചിട്ടും വഴങ്ങാതെ കേന്ദ്രമന്ത്രി
.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ തൃശൂർ ബിജെപിയിൽ അതൃപ്തി രൂക്ഷം. ക്രിസ്തുമസ് ദിനത്തിൽ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ എതിർപ്പ് അറിയിച്ചിട്ടും പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപെട്ടിട്ടും വഴങ്ങാതെ സുരേഷ് ഗോപി. തൃശൂരിൽ ബിജെപിയെ അധപതനത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സുരേഷ് ഗോപിയുടെ രാഷ്ട്രീയ നടപടികൾ ആണെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.

സാധാരണക്കാരോടുള്ള കേന്ദ്രമന്ത്രിയുടെ മനോഭാവം ഒട്ടും ശരിയല്ലെന്നും അതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം പ്രതിഫലിച്ചെന്നും നേതാക്കൾ വിശ്വസിക്കുന്നുണ്ട്. ഇപ്പോഴിതാ ക്രിസ്മസ് ദിനത്തിൽ പാർട്ടി പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിയിലും തൃശൂരിലുമായി നടക്കുന്ന പരിപാടികൾക്കെതിര രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്. ഇരിങ്ങാലക്കുടയിൽ പാർട്ടി നേതൃയോഗവും, തൃശൂരിൽ തെരഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനികളെ ആദരിക്കലുമാണ് നടത്തുന്നത്.

ക്രിസ്തുമസ് ദിനം ഒഴിവാക്കി മറ്റൊരു ദിവസം പരിപാടി നടത്താൻ ജില്ലാ നേതാക്കൾ അറിയിച്ചിട്ടും സുരേഷ് ഗോപി കൂട്ടാക്കിയില്ല. ക്രിസ്ത്യൻ പ്രവർത്തകർക്കിടയിൽ ഈ നടപടി കടുത്ത അതൃപ്തിക്ക് കാരണമാകുമെന്നും ഒരു വിഭാഗം നേതാക്കൾ കരുതുന്നു. കഴിഞ്ഞ പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ സുരേഷ് ഗോപി മുന്നേറ്റം സൃഷ്ടിച്ച ഇടങ്ങളിൽ പോലും തദ്ദേശ തെരെഞ്ഞപ്പ് ഫലം വന്നപ്പോൾ ബിജെപി പുറകിലായി. ഈക്കാരണങ്ങൾ കൊണ്ട് തന്നെ പാർട്ടിക്കുള്ളിൽ സുരേഷ് ഗോപിയെ തള്ളിപ്പറയുന്നവരും ഉണ്ട്.




