സ്വന്തം ജീവിതാനുഭവം നോക്കി വായിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റത് ഇന്നായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക എന്ന ശ്രീനാരാണയ ഗുരുവിന്‍റെ വാക്യം പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു ഭാഗം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി.

തന്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് മലയാളത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൈയിലുളള പേപ്പർ നോക്കി വായിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. സ്വന്തം ജീവിതാനുഭവം നോക്കി വായിക്കുന്ന പ്രസിഡൻ്റ് എന്ന അടിക്കുറിപ്പോടു കൂടിയാണ് ഈ വീഡിയോ ബിനീഷ് ഫേസ്ബുക്കിൽ പങ്കുവച്ചിരിയ്ക്കുന്നത്. ഇതിനോടകം നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.

രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കർണാടകയിൽ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. രാജീവ് ചന്ദ്രശേഖർ, നിലവിലെ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ, എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുവന്നിരുന്നത്. വോട്ടെടുപ്പ് ഒഴിവാക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് രാജീവ് ചന്ദ്രശേഖരനെ തെരഞ്ഞെടുത്തതെന്നാണ് വിവരം.

