തൃശൂരിൽ ബിജെപിക്ക് വിജയസാധ്യതയില്ല; മുഖ്യമന്ത്രി
തൃശൂർ: തൃശൂരിൽ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല. തൃശൂർ എടുക്കുമെന്ന് പറയുന്നതെല്ലാം വെറുതെയാണെന്നും നവകേരള സദസ്സിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയുണ്ടാകും.

ഇടതുമുന്നണിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കേണമോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ബിജെപിക്കെതിരെയാണോ ഇടതുപക്ഷത്തിനെതിരയാണോ കോൺഗ്രസ് മത്സരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ചെന്നെെയിൽ വൻ മഴക്കെടുതിയാണ്. തമിഴ് നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ആവശ്യമായ സഹായം നൽകുമെന്നും ദുരിതം അനുഭവിക്കുന്നവരെ ചേർത്തു നിൽത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര വിഹിതം കൃത്യമായി നൽകാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. നെല്ല് സംഭരിച്ച വകയിൽ 790 കോടി ലഭിക്കാനുണ്ട്. എന്നാൽ കേന്ദ്രത്തിൽ നിന്നുള്ള തുകക്ക് കാത്തു നിൽക്കാതെ കർഷകർക്ക് സംസ്ഥാനം പണം നൽകുകയാണ്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന നിഷേധാത്മക നിലപാടിന് പുറമെയാണ് ഇത്തരം കർഷകവിരുദ്ധ നയങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.




