രാജീവ് ഗാന്ധി വധക്കേസ്; വിട്ടയച്ച മൂന്ന് പ്രതികൾ ഇന്ന് ശ്രീലങ്കയിലേക്ക്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച മൂന്ന് പ്രതികൾ ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും. ചെന്നൈയിൽ നിന്ന് വിമാനമാർഗമാണ് മുരുകൻ (ശ്രീഹരൻ), ജയകുമാർ, റോബർട്ട് പയസ് എന്നിവർ ശ്രീലങ്കയിലേക്ക് തിരിക്കുന്നത്. കഴിഞ്ഞ രാത്രി 11.15ന് പൊലീസ് വാഹനത്തിൽ ഇവരെ ചെന്നൈയിൽ എത്തിച്ചിരുന്നു. മുരുകനുൾപ്പെടെയുള്ളവർക്ക് കഴിഞ്ഞ മാസമാണ് ശ്രീലങ്കൻ ഹൈക്കമീഷണർ യാത്രാരേഖകൾ അനുവദിച്ചത്.
2022 നവംബറിലാണ് കേസിൽ 7 പ്രതികളെ സുപ്രീംകോടതി വെറുതെ വിട്ടത്. ജയിൽമോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ ക്യാമ്പിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. മറ്റൊരു പ്രതിയായ ശാന്തൻ ശ്രീലങ്കയിലേക്ക് തിരിക്കാനിരിക്കെ മരണമടഞ്ഞിരുന്നു. പേരറിവാളൻ, രവിചന്ദ്രൻ, നളിനി എന്നിവരാണ് കേസിൽ ജയിൽമോചിതരായ മറ്റ് പ്രതികൾ.