കേന്ദ്ര സർക്കാർ ഇഡിയെ വേട്ടപ്പട്ടിയാക്കിയെന്ന് ബിനോയ് വിശ്വം

മലപ്പുറം: രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്ര സർക്കാർ ഇഡിയെ വേട്ടപ്പട്ടിയാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആദായനികുതി വകുപ്പിനെ ‘മോസ്‌റ്റ് അൺക്രൈഡിബിൾ’ സ്ഥാപനമാക്കിയതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ് അനുകൂല കാറ്റാണുള്ളത്. കോൺഗ്രസിനെയും ബിജെപിയെയും നയിക്കുന്നത് അന്ധമായ ഇടതുപക്ഷ വിരോധമാണ്. ഇവിടെ ബിജെപിയും കോൺഗ്രസും കൈകോർത്തിരിക്കുകയാണ്. അതിനെ ഞങ്ങൾ തുറന്നുകാണിക്കുന്നു. ജനങ്ങൾ അത് മനസിലാക്കുന്നു. അതുകൊണ്ടു തന്നെ ജനങ്ങൾ എൽഡിഎഫിനൊപ്പം അണിചേരുന്നു.

ന്യൂനപക്ഷ വിഷയങ്ങൾ ഇടതുപക്ഷത്തിന് വോട്ട് വിഷയമല്ല, ജനാധിപത്യ വിഷയമാണ്. ഇന്ത്യയിൽ ബിജെപി ഭരണത്തിൽ ന്യൂനപക്ഷ അവകാശങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയാണ്. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോട് വലിയ തോതിൽ അടുക്കുന്നത് കോൺഗ്രസിനെയും ബിജെപിയും ഭയപ്പെടുത്തുന്നുണ്ട്. പെസഹാ ദിനത്തിൽ ക്രൈസ്‌തവ പുരോഹിതർ സംശയലേശമന്യേ അവരുടെ ഭയം വ്യക്തമാക്കി. സത്യം വിളിച്ചുപറഞ്ഞ പുരോഹിതരെ തേടി ഇഡി എപ്പോൾ വരുമെന്ന് നോക്കിയാൽ മതി.


രാജ്യത്തിന്റെ സമ്പദ്‌ഘടനയും രാഷ്‌ട്രീയ ഘടനയും സാമൂഹിക ഘടനയും തകർത്തിരിക്കുകയാണ്. ആർബിഐയെ താറുമാക്കി. ബിജെപിയുമായി കൈകോർത്തതിന് ജനങ്ങൾ കോൺഗ്രസിനെയും ശിക്ഷിക്കും. കോൺഗ്രസിനെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ഇടതുപക്ഷത്തിന് വോട്ടുചെയ്യും. മഹാത്മഗാന്ധിയെ മറക്കാൻ തയ്യാറാക്കാത്ത, നെഹ്‌റുവിനെ ചേർത്തുപിടുക്കുന്ന കോൺഗ്രസുകാർ, ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ അംഗീകരിക്കില്ല.


ഇടതുപക്ഷമാണ് ശത്രുവെങ്കിൽ വയനാട്ടിൽ മത്സരിക്കുന്നതിൽ തെറ്റില്ല. രാഹുൽ ഗാന്ധിയോട് രാഷ്‌ട്രീയ ആദരവുണ്ട്. ബിജെപി ആയിരുന്നു കോൺഗ്രസിന്റെ മുഖ്യശത്രു എങ്കിൽ ബിജെപി ശക്തികേന്ദ്രങ്ങളിലാണ് രാഹുൽഗാന്ധി മത്സരിക്കേണ്ടത്. അത് ഹിന്ദി ഹൃദയഭൂമിലാണ് അല്ലാതെ മുഴുവൻ സീറ്റിലും ബിജെപിക്കെതിരെ വിധിയെഴുത്തുന്ന കേരളത്തിലല്ല. രാഷ്‌ട്രീയ ധർമം മറന്ന് രാഹുലിനെ കേരളത്തിൽ മത്സരിപ്പിക്കുന്ന കോൺഗ്രസിനാണ് രാഷ്‌ട്രീയ മാര്യാദയില്ലാത്തത്. കോൺഗ്രസിന് ദൂരകാഴ്‌ചയില്ലായെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

