KOYILANDY DIARY

The Perfect News Portal

വേനൽ മഴയിൽ വലിയ കുറവ്‌. കുടിവെള്ള ക്ഷാമം രൂക്ഷമാകും

കോഴിക്കോട്‌ : കഴിഞ്ഞ രണ്ട്‌ വർഷത്തിൽനിന്ന്‌ വ്യത്യസ്തമായി ഇത്തവണ വേനൽ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്0. മാർച്ച്‌ മുതൽ  94 ശതമാനമാണ്‌ മഴക്കുറവ്‌. 54.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 3.5 മില്ലി മീറ്ററാണ്‌ പെയ്‌തത്‌. മഴക്കുറവിൽ കണ്ണൂരിനും മലപ്പുറത്തിനും പിന്നിൽ മൂന്നാമതാണ്‌ ജില്ല. 20 വരെ മഴപെയ്യാൻ  ചെറിയ സാധ്യത മാത്രമേയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇതോടെ കുടിവെള്ളക്ഷാമത്തിന് കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഈ കാലയളവിൽ 118 ശതമാനം അധിക മഴ ലഭിച്ചിരുന്നു.  വേനൽ മഴ കുറയുന്നത്‌ ഭൂഗർഭ ജലനിരക്കിനെ വലിയ രീതിയിൽ സ്വാധീനിക്കും. ഈ സ്ഥിതി തുടർന്നാൽ  വരുംദിവസങ്ങളിൽ കടുത്ത വരൾച്ചക്കിടയാക്കുമെന്ന്‌ വിദഗ്‌ധർ പറയുന്നു. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി ജില്ലാ ഭരണകേന്ദ്രം സംയുക്ത നടപടി കൈക്കൊണ്ടിട്ടുണ്ട്‌.  വാട്ടർ കിയോസ്ക് വഴിയും ടാങ്കർ വഴിയും തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ള വിതരണം തുടങ്ങി. അറ്റകുറ്റപ്പണി  പൂർത്തിയാക്കി തടസ്സങ്ങളില്ലാതെ ജലവിതരണം ഉറപ്പാക്കാൻ കലക്ടർ ജലവിഭവ വകുപ്പിന് നിർദേശം നൽകി.  പരാതി പരിഹാര സെല്ലും  ആരംഭിക്കും.
Advertisements