KOYILANDY DIARY.COM

The Perfect News Portal

ഓൺലൈൻ തട്ടിപ്പുകളും ദുരുപയോഗവും തടയാൻ അവബോധം വളർത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളും ദുരുപയോഗവും തടയാൻ അവബോധം വളർത്തിയെടുക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ഡിവിഷന്റെയും പൊലീസിലെ വിവിധ പദ്ധതികളുടെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിന്റെ ഇരകളാകുന്നത്‌ ഭൂരിഭാഗവും കുട്ടികളാണ്‌. അവരുടെ ഭാവിയെ ബാധിക്കാത്ത തരത്തിൽ പൊലീസ്‌ പ്രശ്‌നം കൈകാര്യം ചെയ്യണം.

കഴിഞ്ഞ വർഷം സൈബർ തട്ടിപ്പിലൂടെ സംസ്ഥാനത്ത്‌ നഷ്ടമായത്‌ 201 കോടി രൂപയാണ്‌. പലപ്പോഴും എന്നെ പറ്റിച്ചോളൂവെന്ന്‌ പറഞ്ഞ്‌ ആളുകൾ തട്ടിപ്പിൽ ചെന്ന്‌ വീഴുകയാണ്‌. അമിതലാഭം പ്രതീക്ഷിച്ചാണ്‌ പലരും തട്ടിപ്പിന്റെ ഭാഗമാകുന്നത്‌. തട്ടിപ്പുകൾ തടയാനുള്ള ഫലപ്രദമായ ഇടപെടലാണ്‌ സൈബർ ഡിവിഷൻ. എല്ലാ ജില്ലയിലും സൈബർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തിന്‌ പുറമെ കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലും ഡിവൈഎസ്‌പിമാർക്കാകും സൈബർ സ്റ്റേഷന്റെ ചുമതല. സൈബർ പൊലീസ്‌ സ്റ്റേഷനുകളുടെ അംഗബലം വർധിപ്പിക്കും.

 

കുറ്റാന്വേഷണം ഏകോപിപ്പിക്കാനുള്ള പ്രത്യേക സംവിധാനം റേഞ്ച്‌ ഐജിമാരുടെ കീഴിൽ ആരംഭിക്കും. സൈബർ ആസ്ഥാനത്ത്‌ സൈബർ ഡെസ്‌കുകൾ സ്ഥാപിക്കും. സാങ്കേതിക സഹായത്തിന്  ഇൻവെസ്റ്റിഗേഷൻ ഡെസ്‌കുകളുമുണ്ടാകും. ഐടി, വ്യവസായ, ഗവേഷണ, വിദ്യാഭ്യാസ മേഖലകളുമായി സഹകരിച്ച്‌ കാര്യക്ഷമമായ ഇടപെടലിന്‌ സാങ്കേതികവിദ്യ വികസിപ്പിക്കാൻ റിസർച്ച്‌ ആൻഡ്‌ അനാലിസിസ്‌ വിഭാഗവും പ്രവർത്തിക്കും. കാലഹരണപ്പെട്ട തസ്‌തികകളും ആംഡ്‌ റിസർവ്‌ പൊലീസിലെ തസ്തികകളും പുനർവിന്യാസത്തോടെ സൈബർ ഡിവിഷന്റെ ഭാഗമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

 

ശക്തികുളങ്ങര, ആലക്കോട്‌, മുഴക്കുന്ന്‌ പൊലീസ്‌ സ്റ്റേഷനുകൾ, കരുനാഗപ്പള്ളി കൺട്രോൾ റൂം, ചങ്ങനാശേരി സബ്‌ ഡിവിഷൻ ഓഫീസ്‌, ഇടുക്കി ഡോഗ്‌ സ്ക്വാഡ്, തൃശൂർ പൊലീസ്‌ അക്കാദമി ലൈബ്രറി എന്നിവയ്‌ക്കുള്ള കെട്ടിടങ്ങൾ, കെഎപി അഞ്ചാം ബറ്റാലിയനിലെ അപ്പർ സബോർഡിനേറ്റ്‌, സ്‌പെഷ്യൽ ഓപ്പറേറ്റഴ്‌സ്‌ ഗ്രൂപ്പിലെ ലോവർ സബോർഡിനേറ്റ്‌ ക്വാർട്ടേഴ്‌സുകൾ, ട്രാഫിക്‌ സേഫ്‌റ്റി ആൻഡ്‌ കമാൻഡ്‌ സിസ്റ്റം എന്നിവയുടെ ഉദ്‌ഘാടനവും രാജ്യത്തെ മികച്ച ഒമ്പതാമത്തെ പൊലീസ്‌ സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുള്ള സർട്ടിഫിക്കറ്റ്‌ വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌, ഇന്റലിജൻസ്‌ മേധാവി മനോജ്‌ എബ്രഹാം, സൈബർ ഡിവിഷൻ മേധാവി എച്ച്‌ വെങ്കിടേഷ്‌ എന്നിവർ സംസാരിച്ചു.

Share news