KOYILANDY DIARY

The Perfect News Portal

കാറിൽ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം; മുഖ്യപ്രതി പിടിയിൽ

ബത്തേരി: കാറിൽ എംഡിഎംഎ വെച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെ ചെന്നൈയിൽനിന്ന് ബത്തേരി പൊലീസ് പിടികൂടി. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25)യെയാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. ഇയാൾക്കെതിരെ ബത്തേരി പൊലീസ് ലുക്ക്‌ ഔട്ട്‌  നോട്ടിസ്‌ പുറപ്പെടുവിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അയച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്‌ച ചെന്നെയിൽ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞ്‌ ബത്തേരി പൊലീസിന് കൈമാറിയത്. 

10,000 രൂപ വാങ്ങി കാറിൽ എംഡിഎംഎ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാൽ കുടുക്കി പുത്തൻപുരക്കൽ പി എം മോൻസി(30)യെ സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു. വിൽപ്പനക്കായി ഒഎൽഎക്‌സിലിട്ട കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരിൽ വാങ്ങിയാണ് ഡ്രൈവർ സീറ്റിന്റെ റൂഫിൽ എംഡിഎംഎ ഒളിപ്പിച്ച്‌  മോൻസി പൊലീസിന് രഹസ്യവിവരം നൽകി ദമ്പതികളെ കുടുക്കാൻ ശ്രമിച്ചത്. മാർച്ച്‌ 17 നായിരുന്നു കേസിനാസ്‌പദമായ  സംഭവം.

 

പുൽപ്പള്ളി- ബത്തേരി ഭാഗത്തുനിന്ന്‌ വരുന്ന കാറിൽ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്‌റ്റേഷനിൽ ലഭിക്കുന്നത്. ബത്തേരി പൊലീസ് കോട്ടക്കുന്ന് ജങ്‌ഷനിൽ പരിശോധന നടത്തിയപ്പോൾ അമ്പലവയൽ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിൽനിന്ന്‌ 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു. എന്നാൽ, തുടർന്നുള്ള ചോദ്യംചെയ്യലിൽ ഇവരുടെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്‌ സംഭവത്തിന്‌ പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞത്‌. എസ്ഐ സി എം സാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ വി ഗോപാലകൃഷ്ണൻ, എൻ വി  മുരളിദാസ്, സി എം ലബ്‌നാസ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisements