KOYILANDY DIARY.COM

The Perfect News Portal

കിണറിടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് മരിച്ച മഹാരാജന്റെ കുടുംബത്തിന് സഹായധനം

തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരിച്ച മഹാരാജന്റെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം തൊഴിൽ മന്ത്രി വി ശിവൻകുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി  -2010 പ്രകാരം തൊഴിലിനിടെ മരിക്കുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന ധനസഹായത്തുകയാണ് കൈമാറിയത്. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെൽവിക്കാണ്  മന്ത്രി കൈമാറിയത്.

തിരുവനന്തപുരം എം ജി എം പബ്ലിക് സ്കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ എം. വിൻസെന്റ് എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് അഡ്വ. ഡി സുരേഷ്‌കുമാർ, അഡീഷണൽ ലേബർ കമ്മീഷണർ കെ എം സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

തമിഴ്‌നാട് തോവാളക്കടുത്ത് പെരുമാൾപുരം സ്വദേശിയായ വെങ്ങാനൂർ നീലകേശിറോഡ് നെല്ലിയറത്തലയിൽ മഹാരാജൻ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അടിയിൽപ്പെടുകയായിരുന്നു. ജൂലെെ 10നായിരുന്നു അപകടം.

Advertisements
Share news