കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി ചോമപ്പൻ്റെ ഊരുചുറ്റൽ ചടങ്ങിന് ആരംഭമായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ചോമപ്പന്റെ ഊരുചുറ്റൽ ചടങ്ങിന് തുടക്കമായി. കാലത്ത് ഗണപതി ക്ഷേത്രത്തിനു സമീപത്തെ കാരണവർ സ്ഥാനത്ത് എത്തിയ ചോമപ്പനെ ആഘോഷ കമ്മിറ്റി ഭാരവാഹികളും ഭക്ത ജനങ്ങളും ചേർന്ന് ആചാരപൂർവ്വം വരവേൽപ്പു നൽകി.

കാരണവർ സ്ഥാനത്തെ ചടങ്ങുകൾക്ക് ശേഷം, ഓല കുടയും ചൂടി ചോമപ്പൻ ഊരു ചുറ്റാനായി പുറപ്പെട്ടു. ജനുവരി 26 മുതൽ ഫിബ്രവരി 2 വരെയാണ് താലപ്പൊലി മഹോൽസവം. 26 ന് കൊടിയേറ്റ ദിവസം വൈകീട്ടാണ് ചോമപ്പൻ ഉത്സവത്തിനായി കാവ് കയറുക.


ക്ഷേത്ര കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.പി. രാമകൃഷ്ണൻ, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ ഒ.കെ. ബാലകൃഷ്ണൻ, കെ.കെ. വിനോദ്, ടി.പി. രാഘവൻ ,കുന്നക്കണ്ടി ബാലൻ, ടി.ടി. ശ്രീധരൻ, എം.പി. ബാലകൃഷ്ണൻ, പി.പി. ബാലൻ എന്നിവർ ചടങ്ങുകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി.

