KOYILANDY DIARY.COM

The Perfect News Portal

 നിപാ പ്രതിരോധത്തിൻറെ ഭാ​ഗമായി ബസ് ഉൾപ്പെടെയുള്ള ഗതാഗത സൗകര്യം ഭാഗികമായി നിലച്ചു

വടകര: നിപാ പ്രതിരോധത്തിൻറെ ഭാ​ഗമായുള്ള അടച്ചുപൂട്ടലിൽ ബസ് ഉൾപ്പെടെയുള്ള ഗതാഗത സൗകര്യം ഭാഗികമായി നിലച്ചു. ആയഞ്ചേരി, തിരുവള്ളൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിലെ 20 ഓളം വാർഡുകൾ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചതോടെ പ്രധാന ടൗണുകളിൽനിന്നും ഉൾപ്രദേശത്തേക്കുള്ള ഓട്ടോ, ടാക്സി സർവീസുകളും നിലച്ചു. വടകരയിൽനിന്ന്‌ വില്യാപ്പള്ളിവഴി ആയഞ്ചേരിയിലേക്കുള്ള പത്തോളം ബസുകൾ സർവീസ് നിർത്തി.
വടകര ആയഞ്ചേരി വഴി കക്കട്ടിലേക്കും കുറ്റ്യാടിയിലേക്കും ഭാഗികമായാണ് ബസ് സർവീസുള്ളത്. കോഴിക്കോട്‌ കുറ്റ്യാടി റൂട്ടിലും സ്വകാര്യ ബസുകൾ ഭാഗികമായാണ്‌ സർവീസ്‌ നടത്തിയത്‌. തൊട്ടിൽപ്പാലം റൂട്ടിൽ കെഎസ്‌ആർടിസി സർവീസുകൾ നടത്തി. കുറ്റ്യാടി ബസ് സ്റ്റാൻഡിലേക്ക് ബസുകൾ  പ്രവേശിക്കുന്നില്ല. ജനങ്ങൾ പുറത്തിറങ്ങാത്തതോടെ യാത്രക്കാരും കുറഞ്ഞു. 
വിരലിലെണ്ണാവുന്ന യാത്രക്കാരുമായാണ് ബസുകൾ സർവീസ് നടത്തുന്നത്. വടകര പഴയ ബസ് സ്റ്റാൻഡിൽനിന്നും ആയഞ്ചേരി വഴി കുറ്റ്യാടിയിലേക്ക് കെഎസ്ആർടിസിയുടെ ഒരു ഷെഡ്യൂൾ മാത്രമാണ് ഉള്ളത്. വടകര തണ്ണീർ പന്തൽ റൂട്ടിലും യാത്രക്കാർ കുറഞ്ഞു. ഈ റൂട്ടിൽ വില്യാപ്പള്ളി ടൗൺ ഉൾപ്പെടെ ഏതാനും സ്റ്റോപ്പുകളിൽ ബസുകൾ നിർത്താനോ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ലെന്ന നിർദേശവുമുണ്ട്.
തിരുവള്ളൂർ ആയഞ്ചേരി റൂട്ടിലും ബസ് സർവീസ് മുടങ്ങി. വില്യാപ്പള്ളി ആയഞ്ചേരി തുടങ്ങിയ പ്രധാന ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കയാണ്. അത്യാവശ്യ കടകൾ മാത്രമാണ് തുറക്കുന്നത്‌. വടകര, നാദാപുരം, കുറ്റ്യാടി റൂട്ടിലെ ബസുകളിലും യാത്രക്കാരുടെ എണ്ണം നന്നേ  കുറഞ്ഞു. വടകരയിൽനിന്ന്‌ തലശേരി, പേരാമ്പ്ര, കൊയിലാണ്ടി, മണിയൂർ, കോട്ടക്കൽ ഭാഗങ്ങളിലേക്കാണ് കാര്യമായ ബസ് സർവീസുള്ളത്.

 

Share news