KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025ന് ഉജ്ജ്വല തുടക്കം

അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025ന് ഉജ്ജ്വല തുടക്കമായി. ഉത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ,അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ  അധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമാ താരം രമ്യ നമ്പീശൻ മുഖ്യാതിഥിയായി. 
.
.
ടി.പി. ദാസൻ, എസ്.കെ. സജീഷ്, അഡ്വ. പി.എം. സുരേഷ് ബാബു, ടി.വി. ബാലൻ, എം. മോഹനൻ മാസ്റ്റർ, കെ.ലോഹ്യ, നജീദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദൃശ്യം ജനറൽ കൺവീനർ ഒ കെ ബാബു സ്വാഗതവും കെ.കെ. വേണുഗോപാൽ നന്ദിയും പറഞ്ഞു.
.
.
വൈകിട്ട് 5 മണിക്ക് ആരംഭിച്ച ദൃശ്യം ഘോഷയാത്ര 13 വാർഡുകളിലെയും ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വിവിധ കലാരൂപങ്ങൾ, തീം പ്ലോട്ടുകൾ എന്നിവ കൊണ്ടും ശ്രദ്ധേയമായി. തുടർന്ന് അമ്പതോളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച സ്വാഗതഗാന ദൃശ്യാവിഷ്കാരം ചടങ്ങിന് മിഴിവേകി.
രാത്രി 8:00 മണിക്ക്  രമ്യ നമ്പീശനും ടീമും അവതരിപ്പിച്ച നൃത്ത തരംഗ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. സാംസ്കാരിക ഉത്സവത്തോട് അനുബന്ധിച്ച് മെയ് അഞ്ചു മുതൽ മെയ് 8 വരെ നടക്കുന്ന ‘കേരള നിയമസഭ ചരിത്ര ഫോട്ടോ പ്രദർശനം’ ഉദ്ഘാടനം ചെയ്തു.
.
രണ്ടാം ദിവസം നടക്കുന്ന സാംസ്കാരിക സായാഹ്നം സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും. ശീതൾ എസ്. കുമാർ അവതരിപ്പിക്കുന്ന സോപാനസംഗീതം, രാത്രി 8 മണിക്ക് കൗശിക് ആൻഡ് ടീം നയിക്കുന്ന മ്യൂസിക് ബാൻഡ് ‘കെ.എൽ. എക്സ്പ്രസ്’ എന്നിവ അരങ്ങേറും.
Share news