കുട്ടികള്‍ക്ക് ടാബും മൊബൈലും നല്കുന്നവരാണോ; സൂക്ഷിക്കണേ, അവരുടെ ഹൃദയാരോഗ്യത്തെ ബാധിക്കും

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍, സ്മാര്‍ട്ട്ഫോണുകളും ടാബുകളും കുട്ടികൾക്ക് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കാനാകില്ല. എന്നാല്‍, ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധിക്കും. അത്തരം നിയന്ത്രണം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്.

കുട്ടികൾ കൂടുതൽ സമയം സ്ക്രീൻ ഉപയോഗിക്കുന്നത് ശ്രദ്ധയെയും മാനസികാവസ്ഥയെയും ബാധിക്കുമെന്ന് നമുക്ക് അറിയാം. എന്നാൽ അത് മാത്രമല്ല ഭീഷണി. അവരുടെ ഹൃദയാരോഗ്യത്തെയും ബാധിക്കുമെന്നാണ് പുതിയ പഠനം. ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ഇക്കാര്യമാണ് പറയുന്നത്.

കുട്ടികളിലും കൗമാരക്കാരിലും കാര്‍ഡിയോമെറ്റബോളിക് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. ഓരോ അധിക മണിക്കൂറും സ്ക്രീന്‍ സമയം ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ (6-10 വയസ്സ്) ഏകദേശം 0.08 സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷനുകളും കൗമാരക്കാരില്‍ (18 വയസ്സ്) ഏകദേശം 0.13 സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷനുകളും കാര്‍ഡിയോമെറ്റബോളിക് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഉറക്ക സമയം കുറവോ വൈകിയോ ഉള്ള കുട്ടികളില്‍ അപകടസാധ്യത ഗണ്യമായി കൂടുതലാണ്. ഉറക്കത്തിന്റെ ദൈര്‍ഘ്യം സ്ക്രീന്‍ സമയ കാര്‍ഡിയോമെറ്റബോളിക് അപകടസാധ്യതയുടെ 12% വഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

