മഹാത്മജിയുടെ ഛായാചിത്രം സാമൂഹ്യവിരുദ്ധർ ടാർ ഒഴിച്ച് വികൃതമാക്കി
പയ്യോളി: മഹാത്മജിയുടെ ഛായാചിത്രം സാമൂഹ്യവിരുദ്ധർ ടാർ ഒഴിച്ച് വികൃതമാക്കി. പയ്യോളി ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുവരിൽ വരച്ച ഗാന്ധിചിത്രത്തിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ ടാർ ഉരുക്കിയൊഴിച്ച് വികൃതമാക്കിയത്. മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് പയ്യോളി നഗരസഭ ഗാന്ധിയുടെ ഛായാചിത്രം ചുവരിൽ വരപ്പിച്ച് ഉദ്ധരണിയെഴുതിയത്.

ഗാന്ധിചിത്രം വികൃതമാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധമുയരുകയാണ്. രാത്രിയുടെ മറവിൽ ഗാന്ധിചിത്രത്തിനുനേരെ ടാർ ഉരുക്കിയൊഴിച്ച സാമൂഹ്യവിരുദ്ധരെ എത്രയും വേഗം പിടികൂടണമെന്ന് സിപിഐ എം പയ്യോളി ഏരിയാ സെക്രട്ടറി എം പി ഷിബു പൊലീസിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ നടത്തിയ ഈ നടപടിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിചിത്രം വികൃതമാക്കിയ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പയ്യോളി ഇൻസ്പെക്ടർ എ കെ സജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു. നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ, പി എം ഹരിദാസൻ എന്നിവരും സ്ഥലത്തെത്തി.




