എയർ ഇന്ത്യക്ക് വീണ്ടും തിരിച്ചടി: ഗുരുതര പിഴവുകൾ വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഉത്തരവിട്ട് വ്യോമയാന അതോറിറ്റി

അഹമ്മദാബാദിൽ രാജ്യത്തെ നടുക്കിയ വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യക്ക് നേരെ കൂടുതൽ നടപടികളുമായി അധികൃതർ. ഗുരുതര പിഴവുകൾ വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ വ്യോമയാന അതോറിറ്റി ഉത്തരവിട്ടു. വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളുടെ ആവർത്തിച്ചുള്ളതും ഗുരുതരവുമായ ലംഘനങ്ങളെത്തുടർന്നാണ് എയർ ഇന്ത്യയുടെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ ക്രൂ ഷെഡ്യൂളിംഗ് ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച നിർദ്ദേശം നൽകിയത്.

കാലഹരണപ്പെട്ട അടിയന്തര ഉപകരണങ്ങൾ ഉപയോഗിച്ച് സുരക്ഷാ പ്രോട്ടോകോൾ ലംഘനങ്ങൾ നടത്തിയതിന് ഡി ജി സി എ എയർ ഇന്ത്യക്ക് താക്കീത് നൽകിയിരുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് വ്യോമയാന അതോറിറ്റി കടക്കുന്നത്. ഡി ജി സി എ താക്കീതുകൾ എയർ ഇന്ത്യ അവഗണിച്ചിരുന്നു.

ഡിവിഷണൽ വൈസ് പ്രസിഡന്റ് ചൂര സിംഗ്, ക്രൂ ഷെഡ്യൂളിംഗ് ഡിഒപിഎസ് ചീഫ് മാനേജർ പിങ്കി മിത്തൽ, ക്രൂ ഷെഡ്യൂളിംഗ് – പ്ലാനിംഗ് വകുപ്പിലുള്ള പായൽ അറോറ എന്നിവരാണ് പുറത്താക്കപ്പെടുന്ന ഉദ്യോഗസ്ഥർ. ക്രൂവിന്റെ വിശ്രമ മാനദണ്ഡങ്ങളുടെ ലംഘനമടക്കം ഒന്നിലധികം വീഴ്ചകൾ ഈ വ്യക്തികൾ വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ നിലവിലെ പ്രവർത്തന ചുമതലകളിൽ നിന്ന് ഉടൻ നീക്കം ചെയ്യാനും ഇവർക്കെതിരെ ആഭ്യന്തര അച്ചടക്ക നടപടികൾ ആരംഭിക്കാനും 10 ദിവസത്തിനുള്ളിൽ വ്യോമയാന അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കാനും എയർ ഇന്ത്യയോട് ഉത്തരവിട്ടിട്ടുണ്ട്.

