KOYILANDY DIARY

The Perfect News Portal

മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തിൽ നടന്നതിന് സമാനമായ കലാപമാണെന്ന് ആനി രാജ

കോഴിക്കോട്: മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തിൽ നടന്നതിന് സമാനമായ കലാപമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. മണിപ്പൂരിനായി ഒന്നിക്കുക എന്ന മുദ്രാവാക്യമുയർത്തി സിപിഐ നേതൃത്വത്തിൽ കോഴിക്കോട് ഡിഡിഇ ഓഫീസ് പരിസരത്ത് നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മണിപ്പൂർ കലാപത്തിന്റെ കൂട്ടുപ്രതികളാണ്. മണിപ്പൂരിലേത് സംസ്ഥാന സർക്കാർ സ്പോൺസേർഡ് കലാപമാണ്. മണിപ്പൂർ കലാപം ഒറ്റപ്പെട്ട സംഭവമല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊതു സ്ഥിതിയാണെന്ന് അവർ പറഞ്ഞു. ഐക്യദാര്‍ഢ്യ സദസ്സില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും ദുരവസ്ഥകളുടെ തുടർച്ചയാണ് മണിപ്പൂരിൽ നടക്കുന്നത്. കലാപത്തിന്റെ ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം. മതസൗഹാർദ്ദം തകർക്കുവാനും ഗോത്രവിഭാഗങ്ങൾ തമ്മിൽ കലാപം അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിച്ച് ഭരണം ഉറപ്പിക്കുകയുമാണ് ബിജെപിയുടെ ലക്ഷ്യം. ഗുജറാത്തിലേതുപോലെ മണിപ്പൂരിലെ ബിജെപി സർക്കാരും കലാപത്തീയില്‍ എണ്ണ പകരുകയാണ്. കേന്ദ്ര ഭരണം കൈയ്യാളുന്ന നരേന്ദ്ര മോഡി കലാപകാരികള്‍ക്ക് മൗനാനുവാദം നല്‍കുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും കലാപം ആളിക്കത്തിച്ച് രാഷ്ട്രീയമുതലെടുപ്പിനാണ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഭരണകൂടങ്ങളുടെ നീക്കം.

Advertisements

Advertisements
ഗോത്രവിഭാഗങ്ങളെ അവരുടെ ആവാസ സ്ഥലങ്ങളില്‍ നിന്നും ആട്ടിയകറ്റി വനഭൂമി കൈയ്യേറുക എന്ന തന്ത്രമാണ് മെനയുന്നത്. ഇവിടേയും ഭൂമിയുടെ രാഷ്ട്രീയമാണ് കലാപത്തിലേക്ക് എത്തിച്ചത്. വനമേഖല കോർപ്പറേറ്റുകൾക്ക് നൽകുന്നതിനായാണ് വനസംരക്ഷണ നിയമത്തിലൂടെ പോലും പരിശ്രമിക്കുന്നത്. ഗോത്ര വിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ട് സർക്കാർ പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണ്. സംസ്ഥാനത്തെ ജനങ്ങളില്‍ മെയ്തി വിഭാഗത്തിന് ആയുധങ്ങളും പിന്തുണയും നല്‍കി കുക്കി വിഭാഗക്കാരെ അടിച്ചമര്‍ത്താന്‍ അയക്കുന്നു. എന്നാല്‍ ഈ വിഭാഗങ്ങളിലെ വലിയ വിഭാഗം ജനങ്ങളും ഇതിനെതിരാണ്. 
ഇരുവിഭാഗങ്ങളിലേയും സ്ത്രീകള്‍ കലാപത്തെ അപലപിക്കുകയാണ്. അവിടം സന്ദര്‍ശിച്ച മഹിളാ ഫെഡറേഷന്‍ അംഗങ്ങളായ തങ്ങള്‍ക്കുമുന്നില്‍ അവര്‍ ഇക്കാര്യം തുറന്നു പറയുകയുണ്ടായി. രാജ്യത്തിന്റെ സംസ്കാരത്തെപ്പോലും ചവിട്ടിമെതിക്കുന്ന കാടന്‍ നിലപാടുകളാണ് അവിടെ നടമാടുന്നത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളെപ്പോലും നിസ്സംഗതയോടെ കാണുന്ന കേന്ദ്ര ഭരണകൂടം ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല.
സർക്കാർ സംവിധാനങ്ങളുടെ ഗുണമെല്ലാം മെയ്തി മേഖലയ്ക്ക് മാത്രമാക്കിയപ്പോള്‍ കുക്കി മേഖലയിലെ കാര്യങ്ങൾ ഏറെ ദുഷ്കരമായി. മണിപ്പൂര്‍ മുഖ്യമന്ത്രിയാണ് കലാപത്തിന്റെ സൂത്രധാരനെന്ന എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് തുറന്നു പറയുന്ന ഗ്രാമീണരെ പീഢിപ്പിച്ച് ഇല്ലാതാക്കുകയാണ്. ഭയമാണ് ആ നാടിനെ ഇന്ന് ഗ്രസിച്ചിരിക്കുന്നത്.
കലാപം നടന്ന സ്ഥലങ്ങളിൽ സർക്കാരിന്റെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും നാമമാത്രമാണ്. മണിപ്പൂർ കലാപത്തിന്റെ അലയോലികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മണിപ്പൂരിന് ഇന്ന് വേണ്ടത് സമാധാനമാണ്. അത് കൊടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കേന്ദ്രത്തിന്റെയും മണിപ്പൂർ സർക്കാരിന്റെയും ഫാസിസ്റ്റു ഭരണത്തിനെതിരെ രാജ്യമെങ്ങും ഒത്തൊമിച്ച പോരാട്ടം ഉയര്‍ന്നുവരണമെന്നും അതിലൂടെ ഇന്ത്യയെ തിരിച്ചു പിടിക്കണമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി, പ്രമുഖ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരുമായ പി കെ ഗോപി, ഡോ. ഖദീജ മുംതാസ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി വി ബാലന്‍, അഡ്വ. പി വസന്തം, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കെ രാജന്‍ മാസ്റ്റര്‍, ജില്ലാ അസി. സെക്രട്ടറി പി കെ നാസര്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ്, എഐഎസ്എഫ് സംസ്ഥാന ജോ. സെക്രട്ടറി സി കെ ബിജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ് സ്വാഗതവും പി അസീസ് ബാബു നന്ദിയും പറഞ്ഞു.