KOYILANDY DIARY.COM

The Perfect News Portal

കേരളത്തില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം രൂപപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി

കൊച്ചി: കേരളത്തില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം രൂപപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ജന്മനാ ജനനേന്ദ്രിയവും ഫലോപ്യന്‍ ട്യൂബും ഗര്‍ഭപാത്രവും ഇല്ലാതിരുന്ന തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള 23കാരിയിലാണ് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ഈ അവസ്ഥ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും ഗര്‍ഭധാരണ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും യുവതി മുക്തയായി.

രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് മിനിമലി ഇൻവേസീവ് ഗൈനകോളജി, റോബോട്ടിക് ആന്‍ഡ് ലാപ്രസ്കോപിക് സര്‍ജൻ ഡോ. ഊര്‍മിള സോമന്‍, അനസ്തേഷ്യ വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഡിനിറ്റ് ജോയ് എന്നിവരാണ് നേതൃത്വം നല്‍കിയത്. ഭ്രൂണ വളര്‍ച്ചാവേളയിൽ പ്രത്യുത്പാദന അവയവത്തിന്റെ മുഴുവനോ ഭാഗികമോ ആയ വളർച്ചയ്ക്ക് തടസമാകുന്ന മുള്ളേരിയന്‍ ഡക്റ്റ് ഏജെനെസിസ് അഥവാ എംആര്‍കെഎച്ച് – ടൈപ്പ് ടു സിന്‍ഡ്രോം എന്ന അവസ്ഥയായിരുന്നു രോഗിക്ക് ഉണ്ടായിരുന്നത്.

 

യുവതിക്ക് ഗര്‍ഭപാത്രവും ട്യൂബുകളും ജനനേന്ദ്രിയവും ഇല്ലായിരുന്നെങ്കിലും ഇടുപ്പിന് മുകളിലായി ആരോഗ്യകരമായ രണ്ട് അണ്ഡാശയങ്ങളുണ്ടായിരുന്നു. തെറ്റായി ക്രമീകരിച്ച വലത് വൃക്കയോടൊപ്പം ഇടതു വൃക്കയും മൂത്രനാളിയും ഇല്ലാതിരുന്നത് രോഗിയുടെ അവസ്ഥയെ കൂടുതൽ സങ്കീർണമാക്കി. രോഗിക്ക് മസ്കുലോസ്കെലെറ്റൽ അബ്നോർമാലിടീസ് എന്ന അവസ്ഥയെത്തുടർന്ന് ഇടത്തെ തള്ളവിരൽ സിൻഡാക്റ്റൈലിയും ബാധിച്ചിരുന്നു. മൂത്രാശയത്തിനും മലാശയത്തിനുമിടയില്‍ ഒരു ഇടമുണ്ടാക്കി പെരിറ്റോണിയല്‍ ഫ്ളാപ്പ് ഉപയോഗിച്ച് റോബോട്ടിക് സര്‍ജറിയിലൂടെ ജനനേന്ദ്രിയം പുനര്‍നിര്‍മിക്കുകയായിരുന്നു. പെല്‍വിക് ഭാഗത്തേക്ക് അണ്ഡാശയം മാറ്റി സ്ഥാപിക്കുകയും ചെയ്തു.

Advertisements

 

രോഗിക്ക് ഗര്‍ഭം ധരിക്കാനാവില്ലെങ്കിലും, ഐവിഎഫ് വഴി വാടക ഗര്‍ഭധാരണം സാധ്യമാണ്. റോബോട്ടിക് ശസ്ത്രക്രിയയിലൂടെ സ്ഥാനം തെറ്റിയിരുന്ന വൃക്കയ്ക്ക് ഏല്‍ക്കാമായിരുന്ന കേടുപാടുകള്‍ തടയുകയും  സ്ഥാന കൃത്യത ഉറപ്പാക്കുകയും ചെയ്തു. പരമ്പരാഗത ജനനേന്ദ്രിയ പുനര്‍നിര്‍മ്മാണം ഒരുപോലെ സങ്കീര്‍ണ്ണവും വേദനാജനകവുമായതു കൊണ്ടുതന്നെ റോബോട്ടിക് ശസ്ത്രക്രിയയ്ക്കാണ് രോഗി വിധേയയായതെന്ന് റോബോട്ടിക് ആന്‍ഡ് ലാപ്രസ്കോപിക് സർജൻ ഡോ. ഊര്‍മിള സോമന്‍ പറഞ്ഞു. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച് ആരോഗ്യം വീണ്ടെടുത്ത യുവതി രണ്ടു ദിവസത്തിന് ശേഷം ആശുപത്രി വിട്ടു.

Share news