അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വെച്ചു

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വെച്ചു. ആന തുരുത്തിൽ നിന്ന് പ്ലാന്റേഷനിലേക്ക് നീങ്ങിയാൽ വെടിവെക്കാനായിരുന്നു പദ്ധതി. ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവു മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കു വെടിവെച്ചത്. മയക്കിയ ശേഷം പിടികൂടി ചികിത്സ നൽകാനുള്ള ശ്രമമാണ് നടത്തുന്നത്. നിലവിൽ ആന അവശനാണ്. സ്കാനേർസ് അടക്കം ഉപയോഗിച്ച് പരിശോധിക്കും. ഇതിനു ശേഷം ചികിത്സാരീതി തീരുമാനിക്കും.

വനത്തിലെ പുഴയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനയെ കാലടി പ്ലാന്‍റേഷൻ രണ്ടാം ബ്ലോക്കിലേക്ക് മാറ്റാനായിരുന്നു നീക്കമെങ്കിലും ആന അവശനായതിനാൽ ഇത് നടന്നില്ല. സ്റ്റാൻഡിങ് സെഡേഷൻ ആണ് ആനയ്ക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നത്. ആന ഒറ്റയ്ക്കാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. സാഹചര്യം നോക്കിയ ശേഷം കുങ്കികളെ എത്തിക്കുമെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. ആനയുടെ ആരോഗ്യം സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ആനക്ക് ഭക്ഷണം പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

