KOYILANDY DIARY.COM

The Perfect News Portal

നടേരിക്കടവിൽ നെൽവയലും തണ്ണീർത്തടവും മണ്ണിട്ട് നികത്താനുള്ള ശ്രമം തടഞ്ഞു

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവിൽ നെൽവയലും തണ്ണീർത്തടവും മണ്ണിട്ട് നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം കർഷകതൊഴിലാളികളും, ഡിവൈഎഫ്ഐ പ്രവർത്തകരും എത്തി കൊടിനാട്ടി തടഞ്ഞു. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള കക്കുളം പാടശേഖരത്തിൻ്റെ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ വയലാണ് മണ്ണിട്ട് നികത്തുന്നത്. സീസണിൽ വലിയതോതിൽ കൃഷിയിറക്കുന്ന വയലാണിത്. സർക്കാരിൽ നിന്ന് വൻതുക സബ്ബസിഡി ലഭിക്കുന്നതുമായ കൃഷിയിടമാണിവിടെ. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് നേതാക്കളെത്തി തടഞ്ഞത്.

ഇന്ന് രാവിലെ മുതലാണ് ടിപ്പർ ലോറികളിൽ മണ്ണടിച്ച് നികത്തൽ ആരംഭിച്ചത്. ഏകദേശം പതിനഞ്ച് ലോഡ് മണ്ണിറക്കിയതായാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ രണ്ട് മാസം മുമ്പ് പ്രദേശത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ വയലും ഇതുപോലെ മണ്ണിട്ട് നികത്താൻ ശ്രമം നടന്നിരുന്നു. നാട്ടുകാരുടെ ശക്തമായ എതിർപ്പും അധികാരികളുടെ ഇടപെടലും കാരണം വയലിൽ നിന്ന് മണ്ണ് വീണ്ടും കോരി മാറ്റിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ വീണ്ടും കൃഷി ഭൂമി മണ്ണടിച്ചു നികത്തുന്നത്.

സംഭവത്തിൽ കെ.എസ്കെടിയു മേഖലാ കമ്മിറ്റിയും ഡിവൈഎഫ്ഐയും ശക്തമായി പ്രതിഷേധിച്ചു. അവശേഷിക്കുന്ന നെൽവയൽ മണ്ണിട്ടു നികത്തിയാൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും നേതാക്കൾ വ്യക്തമാക്കി. വില്ലേജ് അധികൃതർ അടിയന്തരമായി ഇടപെട്ട് നികത്തിയ മണ്ണ് എടുത്തു മാറ്റണമെന്ന് നേതാക്കൾ പറഞ്ഞു. 

Advertisements
Share news