KOYILANDY DIARY

The Perfect News Portal

അരുൺ ലൈബ്രറി നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

എളാട്ടേരി: അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. റിട്ട. എക്സൈസ്‌ ഓഫീസർ കെ. സി. കരുണാകരൻ ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി. വരും തലമുറക്ക് കാവലാളാകാൻ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കഞ്ചാവും ഹാഷിഷും, എം ഡി എം എ യും, സ്റ്റാമ്പും ഹാഷിഷ് ഓയിലും പൊതു ഇടങ്ങളിൽ പോലും ഇന്ന് ലഭ്യമാകുന്ന ലഹരി വസ്തുക്കളാണ്.
മസ്തിഷ്കം മരവിപ്പിക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്ക് ഉയർന്ന വില കൊടുക്കണം. ഒരിക്കൽ ഉപയോഗിച്ച് തുടങ്ങിയാൽ പിന്നീടൊരു തിരിച്ചുവരവിന് ഏറെ പ്രയാസമാണ്. അദ്ദേഹം തുടർന്നു. പുകയില, മയക്കു മരുന്ന്, മദ്യം ലഹരി ഉത്പാദനത്തിന്റെ ത്രയങ്ങളാണ്. തലമുറകളുടെ മാറ്റത്തിനനുസരിച് ലഹരി വസ്തുവിന്റെ ഉപഭോഗത്തിലും മാറ്റം വരുന്നുണ്ട്.
Advertisements
ജാതി മത പ്രായ വ്യത്യാസമില്ലാതെ സ്ത്രീയും പുരുഷനും ആൺ കുട്ടികളും പെൺകുട്ടികളും ലഹരി മാഫിയ വിരിച്ച വലകളിൽ അകപ്പെടുകയാണ്. പൊതു ബോധത്തിലടങ്ങിയ വിദ്യാഭ്യാസവും അതി ശക്തമായ ജാഗ്രതയും നിരീക്ഷണവും ഇടപെടലും കൊണ്ട് മാത്രമേ ലഹരിയുടെ മായാ വലയത്തിൽ നിന്ന് പുതുതലമുറയെ രക്ഷിച്ചെടുക്കാൻ കഴിയുകയുള്ളു. അദ്ദേഹം കൂട്ടി ചേർത്തു.
ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ ആദ്യക്ഷത വഹിച്ചു. പി. ചത്തപ്പൻ മാസ്റ്റർ, ടി. വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി ഖജാൻജി കെ. എൻ. രാമചന്ദ്രൻ നന്ദി പറഞ്ഞു.