KOYILANDY DIARY

The Perfect News Portal

കേരളത്തിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്‌

തിരുവനന്തപുരം: കേരളത്തിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്‌. 2023ൽ രാജ്യത്തിനകത്തുനിന്ന് 2,18,71,641 സന്ദർശകർ കേരളത്തിൽ എത്തിയെന്നും മുൻവർഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വർധനയാണിതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2022 ൽ 1,88,67,414 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്.

കോവിഡിന് മുമ്പുള്ള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വർധിച്ചു. 2023 ൽ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സന്ദർശകർ എത്തിയത് –- 44,87,930 പേർ. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂർ (24,78,573), വയനാട് (17,50,267) ജില്ലകളാണ് തൊട്ടുപിന്നിൽ.
കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ട്. 2022 ൽ 3,45,549 സഞ്ചാരികളാണ് എത്തിയതെങ്കിൽ 2023 ൽ ഇത് 6,49,057 പേരായി. 87.83 ശതമാനത്തിന്റെ വളർച്ചയാണിത്. 2,79,904 വിദേശസഞ്ചാരികൾ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) ജില്ലകളാണ് തൊട്ടുപിന്നിൽ.

 

സഞ്ചാരികൾക്ക്‌ എല്ലാ സീസണിനും അനുയോജ്യമായി മാറുന്ന കേരളത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു. മലബാറിലേക്ക് കൂടുതൽ വിദേശസഞ്ചാരികളെ എത്തിക്കുന്നതിന്‌ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യും. സർഫിങ് പരിശീലിപ്പിക്കുന്ന സ്വകാര്യ ക്ലബ്ബുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇത്തരം സാഹസിക വിനോദ പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബുകൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisements