KOYILANDY DIARY

The Perfect News Portal

മാറാട് വെസ്റ്റ് മാഹിയിൽ ഐസ് പ്ലാന്റിൽനിന്ന്‌ അമോണിയം ചോർന്നു

മാറാട് വെസ്റ്റ് മാഹിയിൽ ഐസ് പ്ലാന്റിൽനിന്ന്‌ അമോണിയം വാതകം ചോർന്നത്‌ പരിഭ്രാന്തി പരത്തി. നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ചോർച്ച  ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിരക്ഷാസേനയെത്തി വാതകം നിർവീര്യമാക്കി.
രാവിലെ ഏഴോടെ ബേപ്പൂർ പുത്തൻ വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള സഫ ഐസ് പ്ലാന്റിലാണ് അമോണിയം ചോർന്നത്. പരിസരമാകെ രൂക്ഷഗന്ധം പരന്നു. പലർക്കും ശ്വാസതടസ്സം, തലകറക്കം, കണ്ണെരിച്ചിൽ, ചുമ തുടങ്ങിയ അസ്വസ്ഥതയുണ്ടായി.
വാതകചോർച്ചയാണെന്ന്‌ മനസ്സിലായ സമീപവാസികൾ ഐസ് പ്ലാന്റിലുള്ള തൊഴിലാളികളെ വിളിച്ചുണർത്തി. ബുധനാഴ്‌ചയും ചോർച്ച ഉണ്ടായതായി തൊഴിലാളികൾ പറഞ്ഞു. ചോർച്ച നിർത്തി വെള്ളമടിച്ചിരുന്നെങ്കിലും ശാസ്ത്രീയരീതി അവലംബിക്കാത്തതിനാൽ  പ്ലാന്റിനകത്ത് തങ്ങിയ വാതകം പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു.
Advertisements
മീഞ്ചന്ത അഗ്നിരക്ഷാസേന ശ്വസനോപകരണങ്ങൾ ഉപയോഗിച്ച് പ്ലാന്റിനകത്ത് കയറി വാൽവുകൾ പരിശോധിച്ചു. തുടർന്ന് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത്‌ അമോണിയ നേർപ്പിച്ച്‌ വാൽവിലൂടെ പുറത്തെത്തിച്ച്‌ അപകടാവസ്ഥ ഒഴിവാക്കി. അസി. സ്റ്റേഷൻ ഓഫീസർ സുനിൽ കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ്‌, മുഹമ്മദ് സാനിജ്, അൻവർ, സുഭാഷ്, അനിൽ, അബി രാധാകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വംനൽകി.