KOYILANDY DIARY

The Perfect News Portal

അമ്പൂരി രാഖി വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 3 പ്രതികൾക്കും ജീവപര്യന്തവും നാലര ലക്ഷം രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖിൽ, ജ്യേഷ്ഠ സഹോദരൻ രാഹുൽ, ഇവരുടെ സുഹൃത്ത് ആദർശ് എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. 2019 ജൂൺ 21നാണ് രാഖി കൊല്ലപ്പെടുന്നത്.

ഒന്നാം പ്രതി അഖിലിന്റെ നിർമാണത്തിലിരുന്ന വീടിന് മുന്നിൽവെച്ചാണ് രാഖിയെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തിയത്. തുടർന്ന് വീടിന്റെ പിറകിൽ കുഴിയെടുത്ത് മൃതദേഹം മറവുചെയ്‌തെന്നാണ് കേസ്. രാഖിയെ കാണാനില്ലെന്ന് അച്ഛൻ രാജൻ പൂവാർ പൊലീസിന് നൽകിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Advertisements

കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും പ്രണയത്തിലായിരുന്നു. അതിനിടെ അഖിലിന് വേറെ കല്യാണം ഉറപ്പിച്ചു. ഇതോടെ രാഖി, അഖിലുമായി കല്യാണനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽപോയി തങ്ങൾ തമ്മിലുള്ള ബന്ധം അറിയിച്ചു. ഇതിൽ പ്രകോപിതനായാണ് അഖിലും സഹോദരൻ രാഹുലും സുഹൃത്ത് ആദർശും ചേർന്ന് രാഖിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം.

രാഖിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 2019 ജൂലൈ 24-ന് മൂന്നാം പ്രതി ആദർശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 25-ന് രാഹുലിനെയും 29-ന് അഖിലിനെയും പൊലീസ് പിടികൂടി. ദിവസങ്ങൾനീണ്ട തെളിവെടുപ്പിന് ശേഷമാണ്  രാഖിയുടെ വസ്ത്രം, ബാഗ്, മൊബൈൽഫോൺ ഉൾപ്പെടെയുള്ളവ കണ്ടെത്താൻ കഴിഞ്ഞത്. കേസിൽ 1500-ഓളം പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 115 സാക്ഷികളുമുണ്ടായിരുന്നു.

Advertisements